മഴമേഘങ്ങള്‍ മാറിനിന്ന തെളിഞ്ഞ അന്തരീക്ഷത്തില്‍ മനം പോലെ പാര്‍ഥസാരഥിയുടെ മണ്ണില്‍  അഷ്ടമിരോഹിണി വള്ളസദ്യയുടെ പുണ്യം നുകര്‍ന്നു.     പള്ളിയോട കരക്കാര്‍ക്കൊപ്പം നാടിന്റെ നനാഭാഗത്തു നിന്നെത്തിയവരും അഷ്ടമിരോഹിണിയുടെ വരപ്രസാദമായി അന്നദാനത്തില്‍ പങ്കുകൊണ്ടു. അഷ്ടമിരോഹിണിനാളില്‍ പള്ളിയോടത്തിലേറി ക്ഷേത്രക്കടവിലെത്തിയ കരക്കാരും കരനാഥന്മാരും വെറ്റില പുകയില സ്വീകരിച്ച് ക്ഷേത്രക്കൊടിമരച്ചുവട്ടില്‍ നയമ്പ് സമര്‍പ്പിച്ച് വഞ്ചിപ്പാട്ട് പാടി പാര്‍ഥസാരഥിയെ പ്രകീര്‍ത്തിച്ചു.

അഷ്ടമിരോഹിണി വള്ളസദ്യ ഭദ്രദീപം കൊളുത്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രസിഡന്റ് നരേന്ദ്രനാഥന്‍ നായര്‍ മുഖ്യ അതിഥിയായിരുന്നു. പള്ളിയോടസേവാസംഘം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ കൃഷ്ണവേണി, സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍ എന്നിവരും സന്നിഹിതരായിരുന്നു.
കൊടിമരച്ചുവട്ടില്‍ തൂശനിലയിട്ട് വഞ്ചിപ്പാട്ടാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആദ്യം സദ്യ സമര്‍പ്പിച്ചു. തുടര്‍ന്ന് ഓരോ പള്ളിയോടകരകള്‍ക്കും നിശ്ചയിച്ച പ്രത്യേക ഇടങ്ങളില്‍ വള്ളസദ്യകള്‍ വിളമ്പി സമൂഹ മനസോടെ മണ്ണില്‍ തൂശനിലയിട്ട് വിളമ്പിയ അന്നദാനം സ്വീകരിച്ചു പാര്‍ഥസാരഥി സ്തുതികളോടെ കരകളിലേക്ക് മടങ്ങി.
വിജയന്‍ നടമംഗലത്തിന്റെ  നേതൃത്വത്തില്‍ നൂറോളം പാചക തൊഴിലാളികളുടെ മൂന്ന് ദിവസത്തെ അധ്വാനമാണ് 300 പറയോളം വരുന്ന അരിയുടെ ഭക്ഷണം അന്നദാനത്തിനായി ഒരുക്കിയത്.