ലോക കേരളസഭയോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവം 2018 ന് തുടക്കമായി. ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം മേള ഉദ്ഘാടനം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തിന് സമീപമുള്ള പ്രത്യേക വേദിയിലായിരുന്നു ഉദ്ഘാടനം. വിനോദസഞ്ചാര രംഗത്ത് മികച്ച സാധ്യതകളാണ് സംസ്ഥാനത്തിനുള്ളത്. വേനലിലും മഞ്ഞുകാലത്തും സഞ്ചാരികള്‍ ഒരുപാട് സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്ന നാടാണിതെന്നും അതിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഇടപെടലുകള്‍ കാര്‍ഷികരംഗത്ത് പുത്തന്‍ ഉണര്‍വാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വസന്തോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള ഗോത്രവര്‍ഗ്ഗ ഊരുകളുടേയും ജീവിതത്തിന്റെയും നേര്‍ക്കാഴ്ചകള്‍ അവരെക്കൂടുതല്‍ മനസ്സിലാക്കാനും അറിയാനുമുള്ള അവസരമാണ് നല്‍കുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായ ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത്, കെ. മുരളീധരന്‍ എം.എല്‍.എ, പട്ടികജാതി – പട്ടികവര്‍ഗ, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. ഡോ. വി. വേണു, വിനോദ സഞ്ചാര സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കേരള ടൂറിസം ഇന്‍ഫ്രാസ്‌്രെടക്ചര്‍ ചെയര്‍മാന്‍ കെ.ജി. മോഹന്‍ലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പതിനായിരത്തില്‍പ്പരം പുഷ്പങ്ങളും മുപ്പതിനായിരത്തില്‍പ്പരം ചെടികളുമായി കേരളത്തിലെ തന്നെ ഏറ്റവും വലിയ പുഷ്പമേളയ്ക്കാണ് നഗരം സാക്ഷ്യം വഹിക്കുന്നത്. പുഷ്പമേളയോടനുബന്ധിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ സാംസ്‌ക്കാരിക സംഘടനയായ രചനയിലെ പതിനഞ്ചോളം കലാകാര•ാര്‍ അവതരിപ്പിച്ച കരോക്കെ ഗാനമേള നിശാഗന്ധിയെ ധന്യമാക്കി. മേള 14 ന് സമാപിക്കും.