കൊച്ചി: റോഡപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ ആരംഭിച്ചു. മോട്ടോർ വാഹന വകുപിന് പുറമേ ലീഗൽ സർവ്വീസസ് അതോറിറ്റി, ട്രാഫിക് മോട്ടോർ വെഹിക്കിൾസ്, ഫയർ ആൻറ് സേഫ്റ്റി , റോഡ് സേഫ്റ്റി കൗൺസിൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവ സംയുക്തമായുള്ള റോഡ് ആൻ്റ് ട്രാഫിക് സേഫ്റ്റി (റാറ്റ്സ് )യാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. വർധിച്ച് വരുന്ന റോഡപകടങ്ങളിൽ നിയമ വിരുദ്ധമായി വാഹനം ഓടിക്കുന്ന ഹയർ സെക്കണ്ടറി തലം വരെയുള്ള വിദ്യാർത്ഥികളുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിൽ ഇതിന് തടയിടുകയാണ് ക്ലാസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നതിന് പുറമേ ക്ലാസുകളുടെ സി.ഡി കൾ സ്കൂളുകൾ വഴി പ്രദർശിപ്പിക്കുകയുമാണ് ചെയ്യുന്നത്. ക്ലാസുകളുടെ ഔദ്യോഗിക ഉദ്ഘാടനം കലൂർ ഐ.എം. എ ഹാളിൽ താലൂക്ക് ലീഗൽ സർവ്വീസ് ചെയർമാനും സ്പെഷൽ സി.ബി.ഐ. ജഡ്ജുമായ കെ. സത്യൻ നിർവഹിച്ചു. റീജിയണൽ ഡ. ഡയറക്ടർ ശകുന്തള ദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ( എൻഫോഴ്സ്മെൻ്റ്റ്) ജി. അനന്ത കൃഷ്ണൻ, ഏ.സി.പി. ഐ. ബി. വിജയൻ, ജില്ലാ ഫയർ ഓഫിസർ ജോഗി .എസ് , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ, ജില്ലാ ലീഗൽ സർവ്വീസസ് സെക്രട്ടറി ശാലീന വി. ജി. നായർ എന്നിവർ സംസാരിച്ചു
ഡോ. രാജിവ് ജയദേവൻ, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ബിജുമോൻ എസ്.പി. എന്നിവർ ക്ലാസുകൾ നയിച്ചു
ഫോട്ടോ അടിക്കുറിപ്പ്:
സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഗതാഗത ബോധവൽക്കരണ ക്ലാസ് താലൂക്ക് ലീഗൽ സർവ്വീസ് ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്യുന്നു.