കൊച്ചി: ഒരു വ്യകതി തങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചതെന്ന ജനത്തിന്റെ ബോധ്യവും സമൂഹത്തിന് വേണ്ടിയാണ് ജീവിച്ചതെന്ന നാടിന്റെ ബോധ്യവുമാണ് അയാളുടെ നവതി ആഘോഷിക്കുവാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രമുഖ തൊഴിലാളി നേതാവായ എം.എം ലോറൻസിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ത്യാഗം മാത്രം മുന്നിൽ കണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയ പഴയ തലമുറയിൽ നിന്നും പുതിയ തലമുറ രാഷ്ട്രീയ പ്രവർത്തന രീതി എന്തെന്ന് അറിയണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചുമുള്ള ചിന്തയിൽ നിന്നാണ് എം.എം. ലോറൻസ് ജീവൻ പണയം വെച്ചുള്ള പൊതുപ്രവർത്തനങ്ങൾ നടത്തിയത്. പഴയ തലമുറയുടെ ത്യാഗപൂർണ്ണമായ പ്രവർത്തനത്തെക്കുറിച്ച് പുതിയ കാലത്തെ ഓർമ്മിപ്പിക്കാൻ നവതി ആഘോഷം ഉപകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൊച്ചി പൗരാവലിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പ്രെഫ. എം.കെ സാനു അദ്ധ്യക്ഷത വഹിച്ചു. മനുഷ്യ മോചനത്തിന് ഒരു വഴി തിരഞ്ഞെടുക്കുകയും ആ വഴിയിൽ തനിക്ക് ആവുന്നതെല്ലാം ചെയ്ത വ്യക്തിയാണ് എം.എം ലോറൻസെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി, ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, എം.പിമാരായ ഹൈബി ഈഡൻ, ബിനോയ് വിശ്വം, മുൻ എം.പിമാരായ പി. രാജീവ്, അഡ്വ. തമ്പാൻ തോമസ്, മുൻ എം.എൽ.എ ടി.പി. പീതാംബരൻ മാസ്റ്റർ, സി.കെ പത്മനാഭൻ, ട്രേഡ് യൂണിയൻ നേതാവ് രവീന്ദ്രനാഥ്, സി.എൻ മോഹനൻ, കെ.എ അലി അക്ബർ, പി.എൻ സീനുലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
