നിയമസഭാ പരിസ്ഥിതി സമിതി തെളിവെടുപ്പ് നടത്തി; മുപ്പതോളം പുതിയ പരാതികള്‍

കാസർഗോഡ്: സംസ്ഥാനത്ത് പ്രകൃതി ദുരന്തം തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന ഗുരുതരമായ സാഹചര്യത്തില്‍ കേരളീയ സമൂഹം അതിജീവനത്തിന് പ്രകൃതിക്കനുസൃതമായി ജീവിതം ക്രമപ്പെടുത്തണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച തെളിവെടുപ്പിലാണ് സമിതി ചെയര്‍മാന്‍ മുല്ലക്കര രത്നാകരന്‍ സുസ്ഥിര വികസനത്തിന്റെ ആവശ്യകതയെ കുറിച്ച് കേരളീയ സമൂഹത്തെ ഓര്‍മ്മപ്പെടുത്തിയത്.

മനുഷ്യന്‍ പ്രകൃതിയുടെ സര്‍വ്വാധികാരിയല്ല. കഴിയുമെങ്കില്‍ പരസ്പരം  ഭരിക്കാതെ പ്രകൃതി നിയമങ്ങള്‍ പരിഗണിച്ച് ജീവിക്കാന്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെളിവെടുപ്പില്‍ നിയമസഭാസമിതി അംഗങ്ങളായ അനില്‍ അക്കര, പിടിഎ റഹീം, എ വിന്‍സന്റ്,  നിയമസഭ ജോയിന്റ് സെക്രട്ടറി  കെ എ രാജന്‍ എന്നിവരും, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, എഡിഎം എന്‍ ദേവീദാസ്, ഹുസൂര്‍ ശിരസ്തദാര്‍ കെ നാരായണന്‍ തുടങ്ങിയവരും  സംബന്ധിച്ചു. തെളിവെടുപ്പില്‍ നേരത്തേ ലഭിച്ച പരാതികളാണ് പരിഗണിച്ചത്.

ജില്ലയില്‍ വ്യാപകമായി നീര്‍ത്തടം നികത്തുന്നുവെന്നാരോപിച്ച് പി കൃഷ്ണന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതി സമിതി പരിഗണിച്ചു. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിനെതിരേ കൃഷി വകുപ്പും റവന്യു വകുപ്പും കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയില്‍ പറഞ്ഞു.

കൂടാതെ ശാസ്ത്രീയമായ ഭൂവിനിയോഗത്തിനായി കേരളത്തില്‍ പ്രത്യേക നിയമങ്ങളില്ലെന്നും പരാതിയില്‍ പറഞ്ഞു. വയല്‍ നികത്തലിനെതിരേ താഴേതട്ടിലാണ് ശക്തമായ നടപടികളുണ്ടാവേണ്ടതെന്ന് സമിതി പറഞ്ഞു. ഇത്തരം നിയമലംഘനങ്ങള്‍ ചില കൃഷി ഓഫീസര്‍മാര്‍ ഫലപ്രദമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും വില്ലേജ് ഓഫീസര്‍മാരില്‍ ചിലര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ താല്പര്യമെടുക്കാറില്ലെന്നും സമിതി നിരീക്ഷിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 48 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിച്ചു വരുന്നതായി ജില്ലാ കളക്ടറും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറും അറിയിച്ചു.

കവ്വായി കായലിന് കുറുകെയുള്ള ബണ്ടുകള്‍ നീക്കം ചെയ്ത് തൃക്കരിപ്പൂര്‍-വലിയ പറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മിക്കണമെന്ന പരാതി സമിതി പരിഗണിച്ചു. ബണ്ടുകള്‍ കാരണം സ്വാഭാവികമായ ഒഴുക്കു നിലച്ച് വെള്ളം മലിനമാവുന്നതായി പരാതിയില്‍ പറഞ്ഞു. പാലം നിര്‍മ്മിക്കാന്‍ 40 കോടിയോളം രൂപ വേണ്ടിവരുമെന്ന് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജില്ലയില്‍ അനധികൃതമായ കരിങ്കല്‍ ക്വാറികള്‍ ജനജീവിതത്തിന് പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതിയില്‍ അനധികൃതമായ ക്വാറികള്‍ പൂട്ടിയതായും നിലവില്‍ മുന്നാട് ഒരു ക്വാറി നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നതായും ജിയോളജിസ്റ്റ് അറിയിച്ചു.

കാറഡുക്കയിലെ റിസര്‍വ്ഡ് വനത്തില്‍ സിനിമാ ചിത്രീകരണത്തിനിടെ പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടായതായും അജൈവ വസ്തുക്കള്‍ കത്തിച്ചതായുമുള്ള പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സമിതിക്ക് വിശദീകരണം നല്‍കി. പരാതിയില്‍ പറഞ്ഞ പ്രകാരം നാശ നഷ്ടങ്ങളുണ്ടായിട്ടില്ലെന്നും സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തിന് ഇത് ബോധ്യപ്പെട്ടതാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പരപ്പ മുണ്ടത്തടം ക്വാറിക്കെതിരേയുള്ള പരാതിയില്‍ നിലവില്‍ ക്വാറി പ്രവര്‍ത്തിക്കുന്നില്ലെന്ന് കളക്ടര്‍ സമിതിയെ അറിയിച്ചു. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം സമര്‍പ്പിക്കാന്‍ ജിയോളജിസ്റ്റിനോട് നിര്‍ദേശിച്ചു. തീരദേശ സംരക്ഷണത്തിനായുള്ള പരാതിയും പരിഗണിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെളിവെടുപ്പിന് ശേഷം പരാതികളില്‍ പരാമര്‍ശിക്കപ്പെട്ട വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
ക്വാറികളുണ്ടാക്കുന്ന പരിസ്ഥിപ്രശ്നങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്തും

പ്രകൃതി ദുരന്തം വളരെ ഭീകരമായി ബാധിച്ച സംസ്ഥാനത്ത് ക്വാറികള്‍ മൂലമുണ്ടാവുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് സമഗ്രമായി പഠനം നടത്തുമെന്ന് നിയമസഭാ സമിതി അറിയിച്ചു. സമിതിയിലെത്തുന്ന 30 ശതമാനത്തോളം പരാതികളും ക്വാറികളെ സംബന്ധിച്ചാണ്. സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഖനന വസ്തുക്കള്‍ ഏതൊക്കെ, എത്ര അളവില്‍, ഏതൊക്കെ ഭൗമ വസ്തുക്കളാണ് പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക് അത്യാവശ്യം തുടങ്ങിയ കാര്യങ്ങളൊക്കെ പഠനത്തില്‍ വിശകലനം ചെയ്യും. സുസ്ഥിര വികസനത്തിനായി ഭാവി തലമുറയെ കൂടി പരിഗണിച്ചായിരിക്കും സമിതിയുടെ നേതൃത്വത്തില്‍ സമഗ്ര പഠനം നടത്തുക

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രകൃതി സൗഹൃദ ആധുനിക സാങ്കേതിക വിദ്യയെ പരിഗണിക്കണം

സിമന്റ്, കമ്പി തുടങ്ങിയവ ഉപയോഗിച്ചുള്ള നിര്‍മ്മാണങ്ങള്‍ വഹിക്കുന്നതിനുള്ള ശേഷി കേരളത്തിലെ ഭൗമസാഹചര്യത്തിലുള്ള മണ്ണിന് സാധിക്കുന്നില്ലെന്നും അതിനായി മറ്റു വികസിത രാജ്യങ്ങളില്‍ പ്രയോജനപ്പെടുത്തുന്ന ആധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വിഭാഗം തയ്യാറാവണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങള്‍ സിമന്റും കമ്പിയും ഉപയോഗിച്ചുള്ള നിര്‍മ്മാണങ്ങള്‍ കൈവെടിയുകയാണ്. പരിസ്ഥിതിക്കിണങ്ങിയ ഫലപ്രദമായ വിദ്യകള്‍ ഇനിയെങ്കിലും നാം സ്വീകരിച്ചില്ലെങ്കില്‍ നമ്മുടെ അതിജീവനം പ്രയാസമേറിയതാവുമെന്ന് സമിതി ചെയര്‍മാന്‍ പറഞ്ഞു.

നദികള്‍ക്ക് വേണ്ടി ചോദിക്കാനാരുമില്ലേ?

ഏറ്റവും അമൂല്യമായ പ്രകൃതിവിഭവമായ ജലത്തെ വഹിക്കുന്ന നദികള്‍ക്കും തോടുകള്‍ക്കും വേണ്ടി ഇവിടെ ചോദിക്കാനാരുമില്ലേയെന്ന് നിയമസഭാ പരിസ്ഥിതി സമിതി ചെയര്‍മാന്‍ മുല്ലക്കര രത്നാകരന്‍. സ്വന്തം വീടിനും വാസസ്ഥലത്തിനും സുപ്രീം കോടതി വരെ പോകാന്‍ നാം തയ്യാറാവുമ്പോള്‍ പുഴകളിലും തോടുകളിലും മാലിന്യം നിക്ഷേപിക്കുന്നതിനെതിരേയും കൈയേറുന്നതിനെതിരേയും ഇവിടെ ചോദിക്കാനാരും മുന്നോട്ട് വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ ധാരണയോടെ വിവിധ സ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും റോഡുകളുടെയും വനങ്ങളടെയും മറ്റും മേല്‍നോട്ടം വഹിക്കുമ്പോള്‍ നദികള്‍ക്കും ജലസ്രോതസ്സുകള്‍ക്കും ഇനിയും വ്യക്തമായ ‘കസ്റ്റോഡിയന്‍’ ഇല്ല. എല്ലാ മാലിന്യങ്ങളും തോട്ടിലും നദികളിലും കടലിലുമാണ് തള്ളുന്നത്. ഇത് ആരും ചോദ്യം ചെയ്യില്ലെന്ന മനോഭാവത്തില്‍ നിന്നാണ് ഈ പ്രവൃത്തി. ഇതിനെതിരെ  നാം പ്രതികരിക്കണം.