കാസർഗോഡ്: പൊതു വിതരണസമ്പ്രദായം കൂടുതല്‍ സുതാര്യമാക്കി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ഭക്ഷ്യ -പൊതുവിതരണ -ഉപഭോക്തൃ കാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി. തിലോത്തമന്‍  പറഞ്ഞു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ ചീമേനി ടൗണിലെ  മാവേലി സ്റ്റോര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റായി മാറ്റിയതിന്റെ  ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിതരണ രംഗം കൂടുതല്‍  സുതാര്യമാക്കാന്‍  സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക  വര്‍ഷം 100 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കി മാറ്റി. സൂപ്പര്‍ മാര്‍ക്കറ്റുകളെ ഹൈപ്പര്‍ മാര്‍ക്കറ്റുകളായും ഹൈപ്പര്‍ മാര്‍ക്കറ്റുകളെ പീപ്പിള്‍സ് ബസാറായും  ഉയര്‍ത്തിയിട്ടുണ്ട്. റേഷന്‍ കടകള്‍ നവീകരിക്കുകയും ചെയ്തു.

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം റേഷന്‍ സാധനങ്ങള്‍ ഔദാര്യമല്ല അവകാശമാണ്. റേഷന്‍ കടയില്‍ ഇ-പോസ് മിഷന്‍ സ്ഥാപിച്ചതിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന ഉത്പന്നങ്ങളുടെ കൃത്യമായ അളവും തൂക്കവും  മനസ്സിലാക്കാന്‍ കഴിയുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളായ സപ്ലൈകോയുടെയും സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും റേഷന്‍ കടയുടെയുമെല്ലാം പ്രവര്‍ത്തനം സുതാര്യമാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് കാലം മാറി, ഉപഭോക്താവിന്റെ ആവശ്യവും  മാറി. ആവശ്യമുള്ളത് തിരഞ്ഞെടുക്കുകയാണ് ഇന്ന് ഒരു ഉപഭോക്താവ് ചയ്യുന്നത്. അതുകൊണ്ട് തന്നെ ഉപഭോക്താവിന്റെ ആവശ്യം കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സപ്ലൈക്കോക്ക് കഴിയണം. ഇന്ന് പൊതുജനത്തെ ഏറെ ചൂഷണം ചെയ്യുന്ന നിരവധി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഉണ്ട്. അവിടെ ഒരു ഉത്പന്നത്തിന് വില കുറക്കുമ്പോള്‍ മറ്റൊരു ഉത്പന്നത്തിന് വില കൂട്ടുന്നു.

സാധാരണക്കാരന്‍ പലപ്പോഴും അത് തിരിച്ചറിയുന്നില്ല. സപ്ലൈകോയിലൂടെ  ഉപഭോക്താവിന്റെ ആവശ്യം കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ അത്തരം ചൂഷണങ്ങളില്‍ നിന്നും പൊതുജനത്തെ രക്ഷിക്കാന്‍ കഴിയും.  ഈ ഓണ സമയത്ത് ജനങ്ങള്‍ സാധനങ്ങള്‍ സപ്ലൈകോയില്‍ നിന്ന് വാങ്ങണം. പതിനാല് ഉത്പന്നങ്ങങ്ങളാണ്  സബ്‌സിഡി നിരക്കില്‍ സപ്ലൈകോയിലൂടെ വിറ്റഴിക്കുന്നത്.

ഒരു സാധാരണക്കാരന് അത്യാവശ്യം വേണ്ട എല്ലാ ഉത്പന്നങ്ങളും ഇന്ന് സപ്ലൈകോയിലൂടെ ലഭിക്കുണ്ട്. മാര്‍ക്കറ്റ് വിലയുടെ പകുതിയോടടുത്ത വിലക്കാണ് ഇവിടെ സാധനങ്ങള്‍ വില്‍ക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് മൂന്ന് വര്‍ഷമായി. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എത്രയാണോ സാധനങ്ങളുടെ വില അതില്‍ നിന്ന് ഒരു രൂപ പോലും വര്‍ദ്ധിപ്പിച്ചിട്ടില്ല.

അരി, ഗോതമ്പ്, പഞ്ചസാര, ചെറുപയര്‍ തുടങ്ങിയവ മിതമായ നിരക്കില്‍ സാധാരണക്കാരന് ലഭിക്കുന്നു. സാധാരണക്കാരന് മിതമായ നിരക്കില്‍  ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശകുന്തള അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി സൂപ്പര്‍ മാര്‍ക്കറ്റിലെ ആദ്യ വില്‍പന നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍   ജോസ് പതാലില്‍, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഗംഗാധരന്‍, വിവിധ  സ്റ്റാന്റിങ്  കമ്മിറ്റി ചെയര്‍മാന്‍മാരായ കെ കുഞ്ഞിക്കണ്ണന്‍, എം.വി ഗീത, കെ.പി രജനി, കോഴിക്കോട് സപ്ലൈകോ റീജിയണല്‍ മാനേജര്‍ ഗോകുല്‍ദാസ് എന്നിവര്‍ പങ്കെടുത്തു.