ശബരിമല:അയ്യപ്പസ്വാമിയുടെ അനുഗ്രഹംതേടി ശബരിമലയിലെത്തുന്ന ഭക്തര്‍ ഒരുതുണ്ട് മാലിന്യംപോലും പൂങ്കാവനത്തില്‍ ഉപേക്ഷിക്കാത്ത തീര്‍ഥാടനകാലമാണ് ലക്ഷ്യമെന്ന് ഐ.ജി. പി വിജയന്‍ പറഞ്ഞു. അയ്യപ്പസ്വാമിയുടെ അനുഗ്രഹം കിട്ടാന്‍ പൂങ്കാവനം വൃത്തിയായി സൂക്ഷിക്കണം. ഭക്തര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ വലിച്ചെറിയാതെ തിരികെ കൊണ്ടുപോകണം. മാലിന്യരഹിത നാടിനായുള്ള പ്രവര്‍ത്തനങ്ങള്‍ 2011 ശബരീശന്റെ തിരുസന്നിധിയില്‍നിന്ന് ആരംഭിച്ചത് ശുചിത്വബോധമുള്ള തീര്‍ഥാടനം ലക്ഷ്യമിട്ടാണ്. ഇത് വിജയിച്ചത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സൗകര്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഈ പദ്ധതി വിജയിക്കില്ലായിരുന്നു. യൂണിഫോം അണിഞ്ഞ സേനാംഗങ്ങള്‍ മാലിന്യംനീക്കാന്‍ എല്ലാദിവസവും പ്രയത്നിക്കുന്നതിനാലാണ് ഈ പദ്ധതി വിജയിച്ചത്. വിവിധവകുപ്പ് ജിവനക്കാരും മാധ്യമങ്ങളും ഇതില്‍ പങ്കാളികളായി. അയ്യപ്പഭക്തര്‍ അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റേയും അയ്യപ്പസേവാ സമാജത്തിന്റേയും പ്രവര്‍ത്തകരും ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി പ്രവര്‍ത്തകരും ശുചീകരണത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി മന്‍കിബാത്തില്‍ പ്രശംസിച്ച പദ്ധതിയായി പുണ്യംപൂങ്കാവനം ശ്രദ്ധേയമായതും ഈ കൂട്ടായ്മയുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.