അസാധ്യമെന്നു കരുതിയ വികസനം  സാധ്യമാകുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് അസാധ്യം എന്നു കരുതിയിരുന്ന പല വികസനപ്രവര്‍ത്തനങ്ങളും
നാടിന്റെ സഹകരണത്തോടെ സാധ്യമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ(പിഎം റോഡ്) ഭാഗമായ  കോന്നി-റാന്നി-പ്ലാച്ചേരി റീച്ചിന്റെ നിര്‍മാണ ഉദ്ഘാടനം കോന്നിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ ഏതു വികസന പദ്ധതിയും അനിശ്ചിതത്വത്തിലാക്കിയിരുന്നത് സ്ഥലമേറ്റെടുക്കലിലെ പ്രശ്നങ്ങളായിരുന്നു. ആ സ്ഥിതിക്ക് ഇന്ന് മാറ്റം വന്നു. സര്‍ക്കാര്‍ ഫലപ്രദമായ ആസൂത്രണത്തോടെയുള്ള വികസന പ്രവര്‍ത്തനമാണ് നടത്തുന്നത്. നമ്മുടെ നാട് നേരിടുന്ന പ്രധാന പ്രശ്നമാണ് റോഡിന് വീതി കുറയുന്നതു മൂലമുള്ള ഗതാഗതക്കുരുക്കും സമയ നഷ്ടവും. ജനസാന്ദ്രതയ്ക്ക് അനുസരിച്ചുള്ള റോഡ് നമുക്കില്ല. ദേശീയ പാത വികസിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ല. വ്യവസായ നിക്ഷേപത്തിനും ടൂറിസം രംഗത്തെ വികസനത്തിനും മികച്ച റോഡുകള്‍ ആവശ്യമാണ്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുളള പദ്ധതികള്‍ക്ക് വേഗത കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മലയോര മേഖലയുടെ വികസനത്തിനും ഇതുപോലെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടിയേ തീരു. റോഡ് വികസനത്തിന് സ്ഥലം പ്രധാനമാണ്. അതു ലഭിക്കാത്തതാണ് പലപ്പോഴും പദ്ധതികള്‍ വൈകുന്നതിന് കാരണമാകുന്നത്. റോഡ് വികസനം നടക്കുമ്പോള്‍ സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്നത് കുറച്ചുപേര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എന്നാല്‍, ഇതിന്റെ പേരില്‍ നാടിന്റെ വികസനത്തിന് തടയിടാനാകില്ല.   അതുകൊണ്ടാണ് അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് റോഡുകളുടെ പുനനിര്‍മാണം നടത്തുന്നത്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 591 കിലോ മീറ്റര്‍ ദേശീയ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥലമേറ്ററ്റെടുക്കല്‍ വളരെ വേഗത്തില്‍ നടക്കുകയാണ്. 2627 ഹെക്ടര്‍ ഭൂമിയാണ് ആകെ ഏറ്റെടുക്കേണ്ടത്. ഭൂരിഭാഗം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ബാക്കിയുള്ളത് ഏറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനം ത്വരിതഗതിയിലാണ്. ദേശീയ പാതയ്ക്കൊപ്പം മറ്റ് രണ്ടു പാതകളും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്.  1267 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള മലയോര ഹൈവേയും, 656 കിലോ മീറ്റര്‍ വരുന്ന തീരദേശ ഹൈവേയും.  10,000 കോടി രൂപയോളം മുതല്‍ മുടക്കുള്ള ഈ രണ്ടു പദ്ധതികളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആവശ്യമായ പണം സംസ്ഥാന സര്‍ക്കാര്‍ തന്നെ കണ്ടെത്തുന്നുണ്ട്. നാടിന്റെ ടൂറിസം സാധ്യതയും വികസിക്കുകയാണ്. കേരളത്തിന്റെ മുഖച്ഛായ മാറുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. 600 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള കോവളം-ബേക്കല്‍ ജലപാത അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും.  നിലവിലുള്ള ജലപാതകള്‍ ഗതാഗതയോഗ്യമാക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും. ടൂറിസം സാധ്യതയും വികസിപ്പിക്കും. ഓരോ 20 കിലോ മീറ്ററിലും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന തരത്തിലാണ് ജലപാത വികസിപ്പിക്കുന്നത്. നമ്മുടെ നാട്ടില്‍ നടക്കില്ലെന്നു കരുതിയ ഗെയിലിന്റെ പൈപ്പ് ലൈന്‍ ഇടുന്ന പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. മറ്റു വന്‍കിട പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവ അതില്‍ ചിലതാണ്. കൊച്ചി മെട്രോ സര്‍വീസിന്റെ അടുത്ത ഘട്ടം അടുത്തമാസം മൂന്നിന് ഉദ്ഘാടനം ചെയ്യുകയാണ്. വന്‍കിട-ചെറുകിട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
കഴിഞ്ഞ വര്‍ഷം മഹാപ്രളയവും ഇത്തവണ വന്‍തോതിലുള്ള കാലവര്‍ഷക്കെടുതിയും നമ്മള്‍ അനുഭവിച്ചു. മഹാപ്രളയത്തെ തുടര്‍ന്നുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും കാലവര്‍ഷക്കെടുതി ഉണ്ടാകുന്നത്. തുടര്‍ച്ചയായ കാലവര്‍ഷ കെടുതി സൂചിപ്പിക്കുന്നത് ചില കാര്യങ്ങളില്‍ നമ്മള്‍ ജാഗ്രതപാലിക്കണമെന്നാണ്. മഴ ലഭിക്കേണ്ട സമയത്ത് ലഭിച്ചില്ല. അതിശേഷം ഉണ്ടായ മഴ അതിതീവ്രവുമായിരുന്നു. ഇത്തവണത്തെ മഴയില്‍ ഡാമുകള്‍ നിറഞ്ഞില്ല. നാട്ടിലാകെ വെള്ളം നിറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും ഇതിനു കാരണമാകുന്നുണ്ട്. ഉരുള്‍പ്പൊട്ടല്‍, കടലാക്രമണം ഉണ്ടാകുന്ന പ്രദേശങ്ങളില്‍ നിന്ന് മാറി താമസിക്കണം. ഇത്തരം സ്ഥലങ്ങളില്‍ നമ്മുടെ സുരക്ഷയെ മുന്‍നിര്‍ത്തി അതിവിദഗ്ധ സംഘത്തെ നിയോഗിച്ച്  പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോന്നി-റാന്നി-പ്ലാച്ചേരി റീച്ച് റോഡ് സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ശബരിമല തീര്‍ഥാടകര്‍  ഉള്‍പ്പെടെയുള്ളവരുടെ യാത്രക്ലേശങ്ങള്‍ക്ക് ഈ റോഡ് പൂര്‍ത്തിയാകുന്നതോടെ പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലേക്കുള്ള തീര്‍ഥാടകരുടെ യാത്ര കൂടി പരിഗണിച്ചാണ് കോന്നി-റാന്നി-പ്ലാച്ചേരി ഭാഗത്തിന്റെ നിര്‍മാണം പ്രാധാന്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ റോഡിനാവശ്യമായ 99 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. വലിയ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് ആരംഭിച്ചിരിക്കുന്നത്.
പുനലൂര്‍ മുതല്‍ പൊന്‍കുന്നം വരെയുള്ള റോഡ് നവീകരിക്കപ്പെടുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തലസ്ഥാനത്തേക്ക് എത്തുന്നതിന് സമാന്തര പാത തുറന്നുകിട്ടും. ഇതോടെ എം.സി റോഡിലെ തിരക്ക് കുറയ്ക്കാനും കഴിയും. മലയോര പട്ടണങ്ങളായ കോന്നി, കുമ്പഴ, റാന്നി തുടങ്ങിയ സ്ഥലങ്ങളുടെ വികസനത്തിന് ഈ റോഡിന്റെ പൂര്‍ത്തീകരണം സഹായിക്കും.
പുനലൂര്‍-പൊന്‍കുന്നം റോഡിന്റെ പുനരുദ്ധാരണം വളരെ മുമ്പേ തന്നെ നിശ്ചയിക്കപ്പെട്ടതാണ്. 2004-ല്‍ തന്നെ സ്ഥലമെടുപ്പ് ആരംഭിച്ചതാണ്. എന്നാല്‍, സ്ഥലം ഏറ്റെടുക്കലിലെ തടസങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചത്. ആ സ്ഥിതിക്ക് മാറ്റം വന്നിരിക്കുകയാണ്. പുനലൂര്‍-പൊന്‍കുന്നം റോഡിന്റെ പുനരുദ്ധാരണം ആവേശത്തോടെയാണ് നാട് ഏറ്റെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് മന്ത്രി കെ. രാജു മുഖ്യ അതിഥിയായിരുന്നു. രാജു ഏബ്രഹാം എംഎല്‍എ സ്വാഗതം പറഞ്ഞു. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ വീണാ ജോര്‍ജ്, ഡോ.എന്‍. ജയരാജ്, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കോന്നിയൂര്‍ പി.കെ,   ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിനിലാല്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റോജി എബ്രഹാം,  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി ഉദയഭാനു, എ.പി ജയന്‍, അലക്സ് കണ്ണമല,  എന്‍.എം രാജു, വിക്ടര്‍ ടി തോമസ്, എം.ജെ രാജു, ജോ എണ്ണക്കാട്, രാജു നെടുവമ്പുറം, സാമുവല്‍ കിഴക്കുപുറം, അബ്ദുള്‍ മുത്തലിഫ്, തുടങ്ങിയവര്‍ സംസാരിച്ചു.  കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ സി ഡിക്രൂസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്.ടി.പി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എം.അന്‍സാര്‍ നന്ദി പറഞ്ഞു.