ഭര്‍ത്തൃഗൃഹത്തിലേക്ക് യാത്രയാകും മുന്‍പ് അനുഗ്രഹാശിസുകള്‍ക്കായി ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ പാദങ്ങളില്‍ വീണു നമസ്‌കരിച്ച വിനിതയുടെയും ആര്യയുടെയും കണ്ണുകളില്‍ ആനന്ദ കണ്ണീര്‍ നിറഞ്ഞു. കോഴഞ്ചേരി സര്‍ക്കാര്‍ മഹിളാമന്ദിരത്തിന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന വിനിതയ്ക്കും ആര്യയ്ക്കും ജില്ലാഭരണകൂടം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ ചുമതലയില്‍ വരന്മാരെ കണ്ടെത്തി വിവാഹത്തിന് വേദി ഒരുക്കുകയായിരുന്നു. എറണാകുളം ഇടവനക്കര സ്വദേശികളായ താണിപ്പിള്ളിയില്‍ മനു മാത്യുസ് വിനിതയ്ക്കും ചിരട്ടപ്പുരയ്ക്കല്‍ സനല്‍കുമാര്‍ ആര്യയ്ക്കും വരന്മാരായി.
മനുവിന്റെ മാതാപിതാക്കളായ മാത്യുസും മേഴ്സിയും ഏകമകനു വേണ്ടി നിര്‍ധന കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ ജീവിത സഖിയാക്കണമെന്ന ആഗ്രഹത്തില്‍ നടത്തിയ അന്വേഷണമാണ് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ഈ കുടുംബത്തെ എത്തിച്ചത്. സുഹൃത്തായ സനല്‍കുമാര്‍ മനുവിന് കൂട്ടായാണ് മഹിളാമന്ദിരത്തില്‍ എത്തിയത്. ആര്യയുടെ വിവരങ്ങള്‍ അറിഞ്ഞ സനല്‍കുമാര്‍ അപ്പോള്‍ തന്നെ സ്വന്തം വീട്ടുകാരെ വിവരം അറിയിച്ച് സമ്മതം നേടി. തുടര്‍ന്ന് മഹിളാ മന്ദിരം സൂപ്രണ്ട് പ്രിയ ചന്ദ്രശേഖരന്‍ നായര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ. അബീന്‍ മുഖേന മനുവിനെയും സനല്‍കുമാറിനെയും സംബന്ധിച്ച സാമൂഹിക റിപ്പോര്‍ട്ട് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കി വിവാഹത്തിനുള്ള അനുമതി നേടി. തുടര്‍ന്ന് ഇരു കുടുംബങ്ങളും മഹിളാമന്ദിരത്തില്‍ എത്തി മോതിരമിട്ട് വിവാഹം ഉറപ്പിച്ചു.
വിവാഹ ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി എന്നിവര്‍ വിനിതയ്ക്കും ആര്യയ്ക്കും നല്‍കുന്നതിനുള്ള പുടവ വരന്മാരെ ഏല്‍പ്പിച്ചു. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് താലി മാലയും പുഷ്പഹാരവും നല്‍കി. മഹിളാമന്ദിരം മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എം.ബി. സത്യന്‍ വിനിതയെ മനുവിന്റെ കരങ്ങളിലും ആര്യയെ സനല്‍കുമാറിന്റെ കരങ്ങളിലും ഏല്‍പ്പിച്ചു. മനുവും സനല്‍കുമാറും വിവാഹ ആവശ്യത്തിനുള്ള താലിമാലയും മോതിരവും പുടവയും കരുതിയിരുന്നു. ആന്റോ ആന്റണി എംപി, ജില്ലാ ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, പോലീസ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തില്‍ 500 പേര്‍ക്കുള്ള വിവാഹ സദ്യ ഒരുക്കിയിരുന്നു. ലയണ്‍സ് ക്ലബ് ജില്ലാ ഗവര്‍ണര്‍ മാഗി ജോസ് വരന്മാര്‍ക്കുള്ള വിവാഹ മോതിരം നല്‍കി. ആറന്മുള പോലീസ് സ്റ്റേഷന്റെ ഉപഹാരമായി ആറന്മുള കണ്ണാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. സന്തോഷ് കുമാര്‍ നല്‍കി. ഗവ. ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ അരപ്പവന്‍ വീതമുള്ള കമ്മലുകളും വിവാഹ വസ്ത്രവും നല്‍കി. വ്യാപാരി വ്യവസായികള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളും സംഘടനകളും വിവാഹ ചടങ്ങളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി. വിനിതയ്ക്കും ആര്യയ്ക്കും സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ നിന്നും അഞ്ചു പവന്‍ വീതം സ്വര്‍ണം നല്‍കി. കൂടാതെ സര്‍ക്കാരില്‍ നിന്നും ഇരുവരുടെയും പേരില്‍ ഓരോ ലക്ഷം രൂപ വീതം സ്ഥിര നിക്ഷേപവും നടത്തും. ഈമാസം 29ന് നടക്കുന്ന അടുക്കള കാണല്‍ ചടങ്ങില്‍ ഇതിന്റെ രേഖകളും അലമാരയും നല്‍കും.
പ്ലസ്ടു പാസായ വിനിതയുടെയും ആര്യയുടെയും ഉപരിപഠനത്തിന് ആവശ്യമായ അഡ്മിഷന്‍ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ മഹിളാ മന്ദിരത്തില്‍ നിന്നും ചെയ്തു നല്‍കും. മഹിളാ മന്ദിരത്തിന്റെ നേതൃത്വത്തില്‍ ഇതിന് മുന്‍പ് നാല് കല്യാണങ്ങള്‍ നടന്നിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ മനുവും കാര്‍പ്പന്റര്‍ തൊഴിലാളിയായ സനല്‍കുമാറും വിനിതയ്ക്കും ആര്യയ്ക്കുമൊപ്പം സംഘാടകര്‍ക്ക് നന്ദി പറഞ്ഞു.
ആന്റോ ആന്റണി എംപി, വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എസ്. പാപ്പച്ചന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനി ജോസഫ്, ലത ചെറിയാന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി ഈശോ, സാലി തോമസ്, ജെറി മാത്യു സാം, എന്‍. ശിവരാമന്‍, വത്സമ്മ മാത്യു, രമാദേവി, ഇന്ദിരാദേവി, ജോണ്‍ വി തോമസ്, ആലീസ് രവി, മഹിളാമന്ദിരം മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എം.ബി. സത്യന്‍, കമ്മിറ്റി അംഗം ദീപ ബിജി, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ ജെ.ആര്‍. ലാല്‍കുമാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എല്‍. ഷീബ, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ. അബീന്‍, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ താഹിറാ ബീവി, പ്രോഗ്രാം ഓഫീസര്‍ സി.എസ്. അജീഷ് കുമാര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിത ദാസ്, മഹിളാമന്ദിരം സൂപ്രണ്ട് പ്രിയ ചന്ദ്രശേഖരന്‍ നായര്‍, ആറന്മുള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. സന്തോഷ് കുമാര്‍, എസ്ഐ സി.കെ. വേണു തുടങ്ങിയവര്‍ വിവാഹ ആശംസകള്‍ നേര്‍ന്നു.