വരുന്ന അഞ്ച് വര്‍ഷം കൊണ്ട് 55 ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള 33,330 കോടിയുടെ പദ്ധതിക്ക് കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ച് കേരളം. ഇത് സംബന്ധിച്ച നിവേദനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്നലെ (26) കേന്ദ്ര ജല ശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് കൈമാറി. ഡല്‍ഹി ചാണക്യപുരി അഷോക ഹോട്ടലില്‍ നടന്ന ജലവിഭവ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ദേശീയ കോണ്‍ഫറന്‍സിലും മന്ത്രി കൃഷ്ണന്‍കുട്ടി കേരളത്തിന്റെ ആവശ്യം ഉന്നയിച്ചിരുന്നു.
സംസ്ഥാനത്ത് നിലവില്‍ 29 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമേ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാകുന്നുള്ളൂ. കേന്ദ്രസര്‍ക്കാരിന്റെ ജല ജീവന്‍ മിഷന്‍ പദ്ധതിയനുസരിച്ച് കേരളത്തിലെ ഗ്രാമീണ മേഖലയില്‍ 66 ശതമാനം കുടുംബങ്ങള്‍ക്ക് പുതിയ കുടിവെള്ള കണക്ഷന്‍ നല്‍കേണ്ടതുണ്ട്. ഇതിന് 33,330 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസഹായം ലഭ്യമാക്കണമെന്ന് കേരളം അഭ്യര്‍ത്ഥിച്ചത്. 2018 ലെ മഹാപ്രളയവും 2019 ലെ പ്രളയവും കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഏറെ പ്രഹരമേല്‍പ്പിച്ചുകഴിഞ്ഞു. അതിന്റെ സമ്മര്‍ദ്ദത്തില്‍നിന്നും പൂര്‍ണമായും പുറത്തുവരാന്‍ സംസ്ഥാനത്തിനായിട്ടില്ല. ഇക്കാര്യം പരിഗണിച്ച് കേരളത്തിന് ഈ പദ്ധതിയില്‍ 90 ശതമാനം കേന്ദ്രസഹായം അനുവദിക്കണമെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭ്യര്‍ഥിച്ചു.
ജലജീവന്‍ മിഷന്‍ നടപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സംസ്ഥാനം ഏര്‍പ്പെടുത്തും. സെപ്തംബറില്‍ ബംഗലൂരുവില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക സെമിനാറില്‍ പദ്ധതി അവതരിപ്പിക്കും. ജല അതോറിട്ടി, ജലനിധി, ഗ്രാമപഞ്ചായത്തുകള്‍ എന്നിവ മുഖാന്തരമാണ് 55 ലക്ഷം കണക്ഷനുകള്‍ നല്‍കാന്‍ ലക്ഷ്യമിടുന്നത്. 25 ലക്ഷം കണക്ഷനുകള്‍ ജല അതോറിട്ടി വഴിയും ഒരു ലക്ഷം കണക്ഷന്‍ ജലനിധി മുഖേനെയും 27 ലക്ഷം കണക്ഷന്‍ ഗ്രാമ പഞ്ചായത്തുകളിലൂടെയും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ബാക്കി സംയുക്ത സംരംഭങ്ങളിലൂടെയും നടപ്പാക്കും.
ജല അതോറിട്ടി 26450 കോടി ചെലവ് പ്രതീക്ഷിക്കുന്ന ആറ് പ്രധാന പദ്ധതികളാണ് മുന്നോട്ടു വച്ചിട്ടുള്ളത്. 1280 കോടിയുടെ ആറ് പദ്ധതികള്‍ ജലനിധിയും മുന്നോട്ടുവച്ചിട്ടുണ്ട്. 5600 കോടിയുടെ ജലപദ്ധതികളാണ് ഗ്രാമപഞ്ചായത്തുകള്‍ മുഖേന ഏറ്റെടുത്തു നടത്തുന്നത്. അഞ്ചുവര്‍ഷംകൊണ്ട് ഗ്രാമീണ മേഖലയില്‍ എല്ലാ കുകുംബങ്ങളിലും പൈപ്പിലൂടെ കുടിവെള്ളം എത്തിക്കുകയാണ് പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി 45 ലക്ഷം കിണറുകളും രണ്ട് ലക്ഷം കുളങ്ങളും ജലസ്രോതസുകളായി കണ്ട് പഞ്ചായത്തുകള്‍ ഏറ്റെടുക്കുന്നതിനും വിഭാവനം ചെയ്യുന്നു. മഴവെള്ള സംഭരണം കാര്യക്ഷമമാക്കുക, പുതിയ ജലസംഭരണികള്‍ തയാറാക്കുക, പുതിയ ജലസ്രോതസുകള്‍ കണ്ടെത്തി സംരക്ഷിക്കുകയും ജലം ഫലപ്രദമായി വിനിയോഗിക്കുക, ജലത്തിന്റെ പുനരുപയോഗം വ്യാപകമാക്കുക, ജലബജറ്റ് തയാറാക്കുക തുടങ്ങിയ പദ്ധതികളുടെ വിശദവിവരങ്ങളും കേരളം നല്‍കിയ നിവേദനത്തില്‍ ഉള്‍പ്പെടുന്നു.