അവിചാരിതമായി സഹായമെത്തുന്നത് നല്ല മനുഷ്യരുടെ രൂപത്തിലായിരിക്കും. ഇതിന് ഉത്തമ ഉദാഹരണമാണ് പത്തനംതിട്ട സ്വദേശികളായ തോമസ് ബേബിയും സി.ബി. റോയിയും. പ്രളയത്തില്‍ സര്‍വവും നഷ്ടമായവര്‍ക്ക് താങ്ങും തണലുമാകുകയാണ് തോമസും കൂട്ടുകാരനായ റോയിയും. പ്രളയബാധിതരെ സഹായിക്കാന്‍ ഇരുവരുടെയും കൈവശമുണ്ടായിരുന്ന ഭൂമിയുടെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൗജന്യമായി നല്‍കി ഇവര്‍ മാതൃകയായി.

ഊന്നുകല്ലില്‍ റേഷന്‍കട വ്യാപാരിയായ തോമസ് ബേബിയും, റോഷന്‍ ഇന്‍ഡസ്ട്രീസ് ഉടമയായ സി.ബി. റോയിയും ഏഴ് വര്‍ഷം മുന്‍പ് പൂങ്കാവ് ളാക്കൂരില്‍ വാങ്ങിയ അഞ്ച് സെന്റ് സ്ഥലമാണ് പ്രളയ ബാധിതര്‍ക്കായി സൗജന്യമായി നല്‍കിയത്. കളക്ടറേറ്റിലെത്തിയ ഇരുവരും ജില്ലാ സപ്ലൈ ആഫീസര്‍ മുഖേന ജില്ലാ കളക്ടര്‍ പി.ബി നൂഹിന് സ്ഥലത്തിന്റെ രേഖകള്‍ കൈമാറി.

പ്രളയ സമയത്ത് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാനും ഇരുവരും ഉണ്ടായിരുന്നു. താഴേതുണ്ടിയില്‍ തോമസും, ചക്കാലയില്‍ റോയിയും ചെറുപ്പം മുതലേ കൂട്ടുകാരായിരുന്നു. പ്രളയം ജില്ലയെ കവര്‍ന്നപ്പോള്‍ ദുരിതബാധിതര്‍ക്ക് ഒരു കൈ സഹായം ചെയ്യണമെന്ന് ഇരുവരും ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു.

ഇങ്ങനെയാണ് പ്രളയത്തില്‍ ഭവനരഹിതരില്‍ ഒരാള്‍ക്കെങ്കിലും സ്വന്തമായൊരു വീടുണ്ടാവട്ടെ എന്ന ചിന്തയിലേക്ക് ഇവരെത്തിയത്. ഈ സുഹൃത്തുക്കളുടെ നല്ല മനസും സഹായവും വിലമതിക്കാന്‍ ആകാത്തതാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ് ബീന, ജില്ലാ സപ്ലൈ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് വിനോദ്കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.