ജില്ലയില്‍ 106 വിപണന കേന്ദ്രങ്ങള്‍

കാസർഗോഡ്: ഓണത്തിന് മിതമായ നിരക്കില്‍ പഴം-പച്ചക്കറി ലഭ്യമാക്കുന്നതിന് ജില്ലയില്‍ 106 വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ എ.ഡി.എം. എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഓണക്കാലത്ത് പഴം- പച്ചക്കറികള്‍ക്ക് അമിത വില ഈടാക്കി പെഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് സര്‍ക്കാറിന്റെ വിപണി ഇടപെടലിന്റെ ഭാഗമായാണ് വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കന്നത്.
കര്‍ഷകരില്‍ നിന്ന് ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കുന്നത് ഒരു പരിധി വരെ തടയാന്‍ ഇതിലൂടെ സാധിക്കും. കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ ശേഖരിച്ചാണ് വിപണനം നടത്തുന്നത്. ഇതിലൂടെ ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാനും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പ് വരുത്താനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനും  സാധിക്കും. കുഷി വകപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, കുടുംബശ്രീ,

തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഓണം വിപണി.
സംസ്ഥാനത്താകെ 2000 വിപണന കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ആരംഭിക്കുന്നത്. 2019 സെപ്റ്റംബര്‍ ഏഴ്, എട്ട്, 9, 10 തിയ്യതികളിലാണ് വിപണനം.  ജില്ലയില്‍ കുഷി വകുപ്പിന്റെ 57, കുടുംബശ്രീ 42, വി.എഫ്.പി.സി.കെ യുടെ ഏഴ് വിപണന കേന്ദ്രങ്ങളുമാണ് ആരംഭിക്കുന്നത്. 100 രൂപ വിലയുള്ള പച്ചക്കറി കിറ്റില്‍ ഒരു വീട്ടിലേക്കാവശ്യമുള്ള അത്യാവശ്യ പച്ചക്കറികള്‍ ലഭിക്കും.
വിഷരഹിത പഴം-പച്ചക്കറികള്‍ കൂടാതെ മറയൂര്‍ ശര്‍ക്കര, മറയൂര്‍ വെളുത്തുള്ളി, കേര വെളിച്ചണ്ണ, ശുദ്ധമായ തേന്‍ എന്നിവയും ലഭിക്കും. പൂര്‍ണ്ണമായും ഹരിത  ചട്ടം പാലിച്ചായിരിക്കും വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ ഈ ഓണത്തിന് സര്‍ക്കാറിന്റെ വിപണന കേന്ദ്രങ്ങളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങി സഹകരിക്കണമെന്ന് എ.ഡി.എം. എന്‍. ദേവിദാസ് അഭ്യര്‍ത്ഥിച്ചു.