മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന്

വിജെടി ഹാൾ ഇനി ‘അയ്യങ്കാളി ഹാൾ’

അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിനു വേണ്ടി  പോരാടിയ നവോത്ഥാന നായകനായ അയ്യൻകാളിക്കു ഉചിതമായ സ്മാരകം എന്ന നിലയിൽ തിരുവന്തപുരത്തെ വിജെടി ഹാളിനു ‘അയ്യങ്കാളി ഹാൾ’– എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു.

വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക്, 1896ൽ ശ്രീമൂലം തിരുനാളിന്റെ കാലത്താണ് ഈ ഹാൾ നിർമിച്ചത്. ഇപ്പോൾ  സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ ഹാളിന്റെ അറ്റകുറ്റപ്പണിയും മോടിപിടിപ്പിക്കലും 1999 ൽ പൂർത്തിയാക്കിയിരുന്നു.

എണ്ണമറ്റ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ മന്ദിരത്തെ കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക മുന്നേറ്റങ്ങളുടെ ചരിത്ര സ്മാരകമായി അടയാളപ്പെടുത്തണം എന്നാണു സർക്കാർ കണ്ടത്. ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യമായി നിയമസഭ തുടങ്ങിയത് 1888ൽ തിരുവിതാംകൂറിലാണ്. 1912ലാണ് അയ്യങ്കാളി പുലയ സമുദായത്തെ പ്രതിനിധാനം ചെയ്ത് സഭയിലെത്തിയത്. ആദ്യകാലത്ത് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലായിരുന്നു യോഗം ചേർന്നിരുന്നത്. പിന്നോക്ക ജാതിക്കാർ അംഗങ്ങളായതോടുകൂടി യോഗം വിജെടി ഹാളിലേക്കു മാറ്റി.

അവശജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി അയ്യങ്കാളിയുടെ ശബ്ദം മുഴങ്ങിയത് ഈ ഹാളിലായിരുന്നു. സൗജന്യ വിദ്യാഭ്യാസത്തിനുവേണ്ടിയും പരീക്ഷാഫീസ് ഒഴിവാക്കുന്നതിനു വേണ്ടിയും സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കുവേണ്ടിയും ഭൂരഹിതർക്ക് ഭൂമിവിതരണത്തിനുവേണ്ടിയും അദ്ദേഹം ഇവിടെ ശക്തിയുക്തം സംസാരിച്ചു. അയ്യങ്കാളിയെ പോലെ ശക്തമായും ധൈര്യമായും മറ്റാരും വിജെടി ഹാളിൽ സംസാരിച്ചിട്ടുണ്ടാവില്ല. ഈ പശ്ചാത്തലം മുൻനിർത്തിയാണ്, അയ്യങ്കാളിയുടെ സ്മരണ നിറഞ്ഞുനിൽക്കുന്ന വിജെ ടി ഹാളിനു ‘അയ്യങ്കാളി ഹാൾ’ എന്ന് പുനർമാമകരണം ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

പ്രീ ഫാബ്രിക്കേറ്റഡ്  സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകൾ 

കേരളത്തെ രൂക്ഷമായി ബാധിച്ച കാലവർഷം അൽപം ശമിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങൾക്ക് മുന്നിൽ പതറാതെ നേരിട്ട പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്. 2018ലെ മഹാപ്രളയത്തിലും അതിനുശേഷം ഈ വർഷമുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടങ്ങൾ നേരിട്ടപ്പോഴും ഒരുമയോടുകൂടി രക്ഷാപ്രവർത്തനങ്ങൾ നടന്നു. ഈ ദുരന്തങ്ങളുടെ കാരണങ്ങളെക്കുറിച്ചും അവ എങ്ങനെ ഭാവിയിൽ ഇല്ലാതാക്കാമെന്നതിനെക്കുറിച്ചും ആഴത്തിലുള്ള ചിന്ത സമൂഹത്തിൽ രൂപപ്പെടുന്നുണ്ട്.

പുനർനിർമാണ പ്രവർത്തനത്തിൽ രണ്ടു പ്രധാന പ്രശ്‌നങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. നിലവിലുള്ള രീതിയിൽ ഭവനനിർമാണവും മറ്റു നിർമ്മാണ പ്രവർത്തനങ്ങളും നടത്തുമ്പോൾ അസംസ്‌കൃത വസ്തുക്കൾ എങ്ങനെ കിട്ടും എന്നതാണ് അതിലൊന്ന്. നിലവിലുള്ള രീതി മാറ്റേണ്ടതല്ലേ,  നാടിന്റെ സവിശേഷമായ പ്രകൃതിക്കനു സരിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ രൂപപ്പെടുത്തേണ്ടതല്ലേ എന്നതാണ് രണ്ടാമത്തേത്. ഈ ചോദ്യങ്ങൾക്കുത്തരം, കണ്ടെത്തി,  പ്രായോഗിക ബദലുകൾ രൂപപ്പെടുത്തുന്നതിന് ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ സ്വാംശീകരിച്ചു മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഇതിന്റെ ഭാഗമായി ലൈഫ് മിഷനിൽ ഉൾപ്പെടെ തയ്യാറാക്കുന്ന ഭവന സമുച്ചയങ്ങളെ പുതിയ രീതിയിലേക്ക്  പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക്  നീങ്ങുകയാണ്. പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി പ്രകൃതിദുരന്താഘാതം മറികടക്കാൻ
ശേഷിയുള്ള ഭവനസമുച്ചയങ്ങൾ കെട്ടിപ്പടുക്കാൻ പ്രീ ഫാബ്രിക്കേറ്റഡ്  സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു സ്റ്റേറ്റ് ലെവൽ എംപവേർഡ് കമ്മിറ്റി തീരുമാനം എടുത്തിട്ടുണ്ട്.

ഇത്തരം രീതികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുന്നുണ്ട്. ആവശ്യാനുസരണം ഓർഡർ നൽകിയാൽ വീടുകൾ ഫാക്ടറിയിൽ നിർമിച്ച് നമ്മുടെ സ്ഥലത്തു ദിവസങ്ങൾ കൊണ്ട് ഫിറ്റ് ചെയ്യുന്ന ഏജൻസികൾ പോലും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. മൂന്ന് പ്രധാനപ്പെട്ട സവിശേഷതകൾ ഉൾക്കൊള്ളുന്ന നിർമാണ രീതിയാണ് അവലംബിക്കാൻ നോക്കുന്നത്.

1. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതും    പ്രകൃതിയെ ചൂഷണം ചെയ്യേണ്ടിവരുന്നതുമായ  അസംസ്‌കൃത വസ്തുക്കൾ പരമാവധി കുറയ്ക്കുകയാണ് പ്രധാനം. കല്ലും മണലും അടക്കമുള്ള നിർമാണവസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തും. കരങ്കല്ലിന്റെയും മറ്റും അമിതമായ ഉപയോഗത്തെ നിയന്ത്രിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള വഴികളാണ് ഇങ്ങനെ തുറക്കാനാവുക.

2. ദുരന്താഘാതങ്ങളെ മറികടക്കാൻ ശേഷിയുള്ള കെട്ടിടങ്ങളാണ് പുതിയ സാങ്കേതികവിദ്യയിലൂടെ നിർമിക്കപ്പെടുക.

3. ഭാരം കുറഞ്ഞതും ഈടുള്ളതും വളരെ വേഗം (ദിവസങ്ങൾ കൊണ്ടുതന്നെ) പൂർത്തിയാക്കാവുന്നതുമായ നിർമാണ സങ്കേതമാണ് ഇത്. ഉൾപ്രദേശങ്ങളിലേക്ക് ഇവ എളുപ്പത്തിൽ എത്തിക്കാം. ഭവന നിർമാണം നീണ്ടുപോകുന്നുവെന്ന വിമർശനം പരിഹരിക്കാൻ പറ്റുന്ന വിധം നിർമാണ സമയം ഗണ്യമായി കുറയും എന്ന സവിശേഷതയും ഇതിനുണ്ട്.

ആഗോളതലത്തിൽ തെളിയിക്കപ്പെട്ട സങ്കേതമാണെങ്കിലും കേരളീയർക്ക് ഏറെ പരിചിതമല്ലാത്ത ഒന്നാണിത്. സമ്പാദ്യമാകെയും കിട്ടാവുന്ന വായ്പകളും കൂട്ടി വീടുവെക്കുക എന്നതാണ് കേരളീയരുടെ പൊതു രീതി. ഈ വീടുകൾ പലപ്പോഴും പൂട്ടിയിടേണ്ടിവരികയും ചെയ്യും. ആ മനോഭാവമാണ് നാം ബോധപൂർവ്വം മാറ്റേണ്ടത്.

പുതിയ സാങ്കേതികവിദ്യയ്ക്ക് തുടക്കത്തിൽ സ്വീകാര്യതക്കുറവ് ഉണ്ടായേക്കാം. എങ്കിലും അവയുടെ ഈടുനിൽപ്പും വേനൽക്കാലത്തെ സുഖകരമായ അന്തരീക്ഷവും ജനങ്ങളെ ഇതിലേക്ക് നയിക്കുന്നതിന് സഹായിക്കും. സാങ്കേതികവിദ്യ പരിചിതമാക്കൽ ക്യാമ്പയിൻ  ആസൂത്രണം ചെയ്യും. ചെന്നൈ ഐഐടി ഇത്തരം നിർമാണം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

ആവാസ വ്യവസ്ഥയെക്കുറിച്ച് പഠിക്കാൻ പുതിയ കമ്മറ്റി

പ്രകൃതിലോല പ്രദേശങ്ങളിലും മറ്റു പ്രദേശങ്ങളിലും ആവാസ വ്യവസ്ഥ എങ്ങനെയാകണം, പ്രാദേശിക മേഖലകളിലെ തീവ്രമായ സംഭവങ്ങളുടെ ശാസ്ത്രീയമായ അപഗ്രഥനം, ഭൂവിനിയോഗം, ഭൂപ്രദേശത്തിന്റെ ദൃഢത എന്നിവയെക്കുറിച്ച് ഗൗരവമുള്ള ഒരു പഠനം നടത്താൻ ഇതിനൊപ്പം തന്നെ തീരുമാനമെടുത്തിട്ടുണ്ട്. ജലവിഭവ എഞ്ചീനീയറിങ് വിദഗ്ധൻ കൂടിയായ കേരള സ്റ്റേറ്റ് സയൻസ് ആൻറ് ടെക്‌നോളജി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻറും സംസ്ഥാന സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ പ്രൊഫ. കെ പി സുധീർ ആണ് സമിതിയുടെ കൺവീനർ. ഇതിനുപുറമെ ഈ സമിതിയിൽ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, ഐഐടി ചെന്നൈ, ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പിൽ സീനിയർ തസ്തികയിൽ ഉണ്ടായിരുന്നവർ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി തുടങ്ങിയവർ ഈ സമിതിയിൽ അംഗമായിരിക്കും. ഈ സമിതി മൂന്ന് മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

കമ്മറ്റി പരിഗണിക്കുന്ന വിഷയങ്ങൾ

1. അതിതീവ്രമഴയും അനുബന്ധ ദുരന്തങ്ങളും സംഭവിക്കാനുള്ള കാരണങ്ങളും അവയുടെ പ്രേരണാ ഘടകങ്ങളും.

2. തീവ്രമായ മണ്ണിടിച്ചൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളെ സൂചിപ്പിക്കുന്നതിനുള്ള രീതികളും സൂചകങ്ങളും പരിശോധിക്കുകയും അത്തരം ദുരന്തങ്ങളും അതിൻറെ അനന്തരഫലങ്ങളും കുറയ്ക്കുന്നതിനുള്ള പരിഹാര നടപടികൾ നിർദ്ദേശിക്കുകയും ചെയ്യുക.

3. പ്രളയദുരന്തമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ ഇപ്പോഴത്തെ ഭൂപടം പരിശോധിക്കുകയും, അത്തരം ദുരന്തങ്ങൾ കുറയ്ക്കാനുള്ള പരിഹാര നടപടികൾ നിർദ്ദേശിക്കുകയും ചെയ്യുക.

4. ഭൂവിനിയോഗം ദുരന്താഘാത ശേഷി താങ്ങാനുള്ളതാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ.

റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കമ്മറ്റിക്ക് ആവശ്യമെങ്കിൽ ദേശീയ, അന്തർദേശീയ വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തി തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ പ്രളയത്തിനുശേഷം ‘ബിൽഡ് ബാക്ക് ബെറ്റർ’- എന്ന ലക്ഷ്യത്തോടെ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് നടപ്പാക്കിവരുന്നത്. ഇതിനായി ഡെച്ച് സാങ്കേതിക വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തി ‘റൂം ഫോർ റിവർ’– പ്രോജക്ട് തുടങ്ങിയ പരിപാടികൾ നടപ്പാക്കിവരികയാണ്. ഇതിന്റെ പുരോഗതി സർക്കാർ തലത്തിൽ വിലയിരുത്തുന്നുമുണ്ട്.

ലൈഫ് ഗാർഡ് ജോൺസന്റെ കുടുംബത്തിന് സഹായം

ശംഖുമുഖത്ത് തിരയിൽപ്പെട്ട യുവതിയെ സാഹസികമായി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരണമടഞ്ഞ ലൈഫ് ഗാർഡ് ജോൺസന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയും ഭാര്യയ്ക്ക് ടൂറിസം വകുപ്പിൽ യോഗ്യതയ്ക്കനുസരിച്ച് ജോലിയും നൽകാൻ തീരുമാനിച്ചു.