കായികരംഗത്ത് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഏറെ പ്രശംസ അർഹിക്കുന്നുവെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാൻ കായിക രംഗത്തെ പുരോഗതി അനിവാര്യമാണ്. ദേശീയ കായികദിനത്തിൽ ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ  കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ സംഘടിപ്പിച്ച ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.

പരിപാടിയോട് അനുബന്ധിച്ച് വിദ്യാർഥികളും അധ്യാപകരും നടത്തിയ വ്യായാമ പ്രദർശനത്തിൽ ഗവർണറും പങ്കാളിയായി. ഒളിമ്പ്യൻ കെ.എം. ബീനാ മോൾ, പത്മിനി തോമസ് തുടങ്ങിയ കായിക താരങ്ങളെ ചടങ്ങിൽ ആദരിച്ചു. എൽ.എൻ.സി.പിയുടെ കായിക മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനദാനം ഗവർണർ നിർവ്വഹിച്ചു. എ ഡി ജി പി  ബി. സന്ധ്യ, കേരള സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ഡോ. സഞ്ജയൻ കുമാർ, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ: ജി. കിഷോർ തുടങ്ങിയവർ പങ്കെടുത്തു