ശുചീകരണയജ്ഞം ആഗസ്റ്റ് 31 മുതല്‍
കൊച്ചി: കോതമംഗലം മേഖലയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  ഇന്നു (ആഗസ്റ്റ് 31) മുതല്‍ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങള്‍ ശുചീകരിക്കും.
കോതമംഗലം ചന്തയുടെ ചുറ്റുപാടില്‍ പ്രത്യേകശ്രദ്ധ
കോതമംഗലം ചന്തയോടു ചേര്‍ന്ന് റവന്യൂ ടവര്‍, സ്‌കൂള്‍, അങ്കണവാടി, ബസ് സ്റ്റാന്റ് എന്നിവ പ്രവര്‍ത്തിക്കുന്നതിനാലും ചന്തയുടെ പരിസരപ്രദേശത്ത് മാലിന്യനിക്ഷേപം വ്യാപകമായതിനാലും ഈ ഭാഗത്തിന് പ്രത്യേക ശ്രദ്ധ നല്‍കി ശുചീകരിക്കും.  168 കടകള്‍ പ്രവര്‍ത്തിക്കുന്നതില്‍ മിക്കവയുടെയും മുകളില്‍ പടുത വലിച്ചുകെട്ടിയിട്ടുണ്ട്.  ഇതില്‍ വെള്ളംകെട്ടിനിന്ന് കൊതുക് പെരുകുന്നുമുണ്ട്.  ചന്തയിലെ എ ബ്ലോക്കിന് പടിഞ്ഞാറുള്ള ഓടയില്‍ അഴുക്കടിഞ്ഞ് മലിനജലം പരന്നൊഴുകുന്നുമുണ്ട്.  ഇവയെല്ലാം വൃത്തിയാക്കും.
ഡെങ്കിക്കു കാരണം കെട്ടിക്കിടക്കുന്ന ശുദ്ധജലം
ഡെങ്കി പരത്തുന്ന കൊതുകുകള്‍ മുട്ടയിടാന്‍ തിരഞ്ഞെടുക്കുന്നത് ശുദ്ധജലമാണ്.  കോതമംഗലം ചന്തയോടു ചേര്‍ന്ന കെട്ടിടങ്ങളുടെ ടെറസ്, സണ്‍ഷേഡ്, വശങ്ങളിലുംമറ്റും വല്ച്ചുകെട്ടിയിരിക്കുന്ന പടുതകള്‍, ടെറസിലും സണ്‍ഷേഡിലുമായി ഉപേക്ഷിച്ചിട്ടുള്ള കുപ്പികള്‍ മുതലായവയിലെല്ലാം കൊതുകിനു പ്രജനനം നടത്താവുന്ന സാഹചര്യമാണുള്ളത്.  നഗരസഭയുടെ ശുചീകരണ പ്രക്രിയയില്‍ ഇവ ഉള്‍പ്പെടുന്നുമില്ല.  വരും ദിവസങ്ങളില്‍ പ്രദേശത്തു നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ ഇവയ്ക്ക് മുന്‍തൂക്കം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍ദ്ദേശിച്ചു.  പ്രദേശത്തെ മാലിന്യനിക്ഷേപം നിരീക്ഷിക്കാന്‍ പോലീസിനോടും നിര്‍ദ്ദേശിച്ചു. പരിസരത്തെ വീടുകള്‍ കേന്ദ്രീകരിച്ചും ശുചീകരണയജ്ഞം നടത്തും.  ആരോഗ്യ, ആശാ, പൊതുപ്രവര്‍ത്തകരുടെയും ശുചീകരണത്തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും വ്യാപാരികളുടെയും പങ്കാളിത്തം ഉറപ്പുവരുത്താനും നിര്‍ദ്ദേശിച്ചു.
ഡെങ്കു പരത്തുന്ന കൊതുകുകടി പകല്‍ സമയത്ത്
രാവിലെ ഏഴിനും വൈകീട്ട് ആറിനുമിടയിലുള്ള സമയത്താണ് ഡെങ്കിപ്പനി പടര്‍ത്തുന്ന കൊതുകുകടിയ്ക്കുള്ള സാധ്യത.  ഇക്കാരണത്താല്‍ പ്രദേശത്ത് പകല്‍ സമയം ചിലവഴിക്കുന്ന വ്യാപാരികള്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എല്ലാവരുംതന്നെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മലേറിയ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.
ഡെങ്കിപ്പനി ചികിത്സയ്ക്കാവശ്യമായ പ്ലേറ്റ്‌ലെറ്റിന്റെ ലഭ്യത ഉറപ്പുവരുത്തണമെന്ന് ആന്റണി ജോണ്‍ എംഎല്‍എ ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.  നഗരസഭ ബസ് സ്റ്റാന്റിലെ പ്രവര്‍ത്തനരഹിതമായ കക്കൂസ് അടച്ചുപൂട്ടാനും പുതിയത് ഉടന്‍ നിര്‍മിക്കാനും തീരുമാനമെടുത്തതായി ചെയര്‍ പേഴ്‌സണ്‍ മഞ്ജു സിജു അറിയിച്ചു.  കുട്ടമ്പുഴ പഞ്ചായത്തില്‍ 22 റൗണ്ടും കോതമംഗലം ചന്തയില്‍ 12 റൗണ്ടും ഫോഗിങ് നടത്തിയതായി ആരോഗ്യ വകുപ്പ് പറഞ്ഞു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം, ഡെപ്യൂട്ടി ഡിഎംഒ ഡോ.എസ്.ശ്രീദേവി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.