മുളന്തുരുത്തി: കേരളത്തിലെ ഏറ്റവും വ്യത്യസ്തമായ ഭവനപദ്ധതിയാണ് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രളയ പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയിൽ നിർമ്മാണം പൂർത്തിയായ വീടിന്റെ താക്കോൽദാനം ഉദയംപേരൂരിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഉദയംപേരൂർ 747നമ്പർ സഹകരണ ബാങ്കാണ് പ്രകൃതി ദുരന്തത്തിൽ വീട് തകർന്ന ആമ്പല്ലൂർ പഞ്ചായത്തിലെ പുതുവാശ്ശേരിയിൽ വടക്കേ കോണത്തുചിറയിൽ തങ്കമ്മയ്ക്ക് പുതിയ ഭവനം ഒരുക്കിയത്.
സർക്കാരിന് കൈത്താങ്ങാകാനുള്ള കരുത്ത് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾക്കുണ്ടെന്ന് പറഞ്ഞ മന്ത്രി കക്ഷി രാഷ്ട്രീയത്തിനതീതമായ സഹകരണ മേഖലയുടെ ഐക്യം മാതൃകാപരമാണെന്ന് കൂട്ടിച്ചേർത്തു. ഓരോ പ്രദേശത്തിന്റെയും സാധ്യതകൾക്കും സൗകര്യങ്ങൾക്കും അനുസരിച്ച് നിർമ്മാണം നടത്താൻ സാധിക്കുന്ന കെയർ ഹോം പദ്ധതിയിൽ കുട്ടനാടൻ മേഖലയിലടക്കം പുത്തൻ അതിജീവന മാതൃകകൾ ഒരുക്കിയത് മന്ത്രി ചൂണ്ടിക്കാട്ടി.
എം.എൽ.എ എം. സ്വരാജിന്റെ അദ്ധ്യക്ഷതയിൽ ഉദയംപേരൂർ ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ 2017- 2018 വർഷത്തെ അംഗങ്ങളുടെ ലാഭവിഹിതവും ജീവനക്കാരുടെ ഒരു മാസത്തെ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം എ.പി സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജു തോമസ്, ഉഷ ധനപാലൻ, സഹകരണ ബാങ്ക് പ്രസിഡൻറ് വി.വി കൃഷ്ണൻ, സെക്രട്ടറി ഇ. വി ദിലീപ്, വൈസ് പ്രസിഡന്റ് ടി.കെ ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ക്യാപ്ഷൻ
ഉദയംപേരൂർ സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കുന്നു.