കൊച്ചി: കഴിഞ്ഞ വർഷമുണ്ടായ പ്രളയ ദുരന്തം ഒറ്റക്കെട്ടായി നേരിട്ടതിലൂടെ കേരളം ലോകത്തിന് മാതൃകയായെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. സർക്കാരിന്റെ കെയർ ഹോം പദ്ധതി പ്രകാരം പറവൂർ സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്ക് പ്രളയബാധിത പ്രദേശങ്ങളായ വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിൽ നിർമ്മിച്ച അഞ്ച് വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സഹകരണത്തോടും പിന്തുണയോടും കൂടി നടപ്പാക്കിയ പദ്ധതി മറ്റ് ഭവന നിർമ്മാണ പദ്ധതികളിൽ നിന്നും വ്യത്യസ്തമാണ്. ഓരോ പ്രദേശത്തെയും ഭൂപ്രകൃതി അനുസരിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. അതിനാൽ കെയർ ഹോം പദ്ധതിയിൽ നിർമ്മിച്ച വീടുകളിൽ ഈ വർഷത്തെ മഴയിൽ വെള്ളം കയറിയില്ല. കുട്ടനാട് നിർമ്മിച്ച വീടുകൾ ഇതിനുദാഹരണമാണ്.

2140 വീടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 2000 വീടുകൾ പൂർത്തിയാകുന്ന ഘട്ടമാണിത്. 1750 വീടുകളുടെ നിർമ്മാണം പൂർത്തിയായി. ഒരു മാസത്തിനകം മുഴുവൻ വീടുകളുടേയും നിർമ്മാണം പൂർത്തിയാക്കി ദൗത്യം വിജയകരമാക്കും. പദ്ധതിയുടെ രണ്ടാം ഘട്ടമായി ഭൂരഹിതരായ 2000 പേർക്ക് ഫ്ലാറ്റ് നിർമ്മിച്ച് നൽകുന്നതും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

വടക്കേക്കര പഞ്ചായത്തിലെ ദണ്ഡപാണി, ഷോളി, കമലു എന്നീ മൂന്ന് പേരുടെയും ചിറ്റാറ്റുകര പഞ്ചായത്തിലെ മമ്മുകുഞ്ഞ്, പുഷ്പവല്ലി എന്നീ രണ്ടു പേരുടെയും വീടുകളുടെ താക്കോൽ ദാനമാണ് നടന്നത്. ബാങ്ക് നൽകുന്ന ഓണപ്പുടവയും ഓരോ ഫാനും ഇവർക്ക് മന്ത്രി സമ്മാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് നൽകുന്ന അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ മന്ത്രി ഏറ്റുവാങ്ങി. കൂടാതെ സഹകാരികളുടെ കുട്ടികളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസ പുരസ്കാര വിതരണവും ഓണച്ചന്ത ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ബാങ്ക് പ്രസിഡന്റ് വി.ബി വിനോദ് കുമാർ, വൈസ് പ്രസിഡന്റ് പി.എം ഷൈനി, സെക്രട്ടറി കെ. ശാന്ത തുടങ്ങിയവർ സംസാരിച്ചു.