ആലപ്പുഴ: നെഹ്‌റുടോഫി ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിലേക്ക് പഴുതുകള്‍ അടച്ച സുരക്ഷാ സംവിധാനമൊരുക്കി പോലീസ്. ജില്ലാ പോലീസ് മേധാവി കെ എം  ടോമിയുടെ നേതൃത്വത്തില്‍ 2000ത്തോളം  പോലീസ് ഉദ്യോഗസ്ഥരെയാണ്  ആലപ്പുഴയില്‍  വിന്യസിച്ചിരിക്കുന്നത്. ജലോത്സവം നടക്കുന്ന പുന്നമട മേഖലയെ 20 ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 15 സെക്ടറായി തിരിച്ചിട്ടുണ്ട്.

ഡി.വൈ.എസ് .പിമാരുടെ നേതൃത്വത്തില്‍ പുന്നമട പ്രദേശത്തെയും, നഗര മേഖലയേയും രണ്ടായി തിരിച്ചാണ് സുരക്ഷാ സംവിധനങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്.സ്ത്രീകളുടേയും, കുട്ടികളുടേയും സുരക്ഷക്കായി പ്രത്യേക പൊലീസ് വിഭാഗങ്ങള്‍, വൃദ്ധരേയും, ഭിന്നശേഷിക്കാരേയും സഹായിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍, ആഭ്യന്തര- വിദേശ ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി പ്രത്യേക വിഭാഗങ്ങള്‍, എല്ലാ പവലിയനിലും സി സി ടിവി നിരീക്ഷണത്തിന് പ്രത്യേക കണ്ട്രോള്‍ റൂം, വി ഐ പി സുരക്ഷയ്ക്ക് കമാൻഡോ ഉദ്യോഗസ്ഥര്‍, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്വാഡ്, ഷാഡോ പൊലീസ്, ഇന്റലിജന്‍സ്, പോലീസ്, തുടങ്ങി രഹസ്യാന്വേഷണ വിഭാഗത്തില്‍പ്പെട്ട  പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരേയും നിയമിച്ചിട്ടുണ്ട്.

കരയിലേത് പോലെ പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കായി 25 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.   മത്സരസമയം കായലില്‍  ചാടി  മത്സരം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് നീക്കും. വള്ളംകളി നടക്കുന്ന സമയം ട്രാക്കില്‍ കയറിയും മറ്റും ശല്യമുണ്ടാക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. പണം മുടക്കി പാസ്സ് എടുത്ത് പവലിയനിലേക്ക് ആളുകള്‍ എത്തുന്ന സമയം അവര്‍ക്ക് കൃത്യമായ സീറ്റ് ലഭിക്കുന്നില്ല എന്നുള്ള ആക്ഷേപം ഒഴിവാക്കാനായി പാസ്സുള്ളവരെ മാത്രം പരിശോധിച്ച് കടത്തി വിടുന്നതിനായി ഫിനിഷിംഗ് പോയിന്റിന്റെ പ്രധാന കവാടത്തിലേക്കുള്ള റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.

പവലിയനുകളില്‍ പാസില്ലാതെ അതിക്രമിച്ചു കയറി സീറ്റ് കൈക്കലാക്കുന്നവരെ തടയുന്നതിനും ആളുകളെ ബോട്ടിലും  മറ്റും എത്തിക്കുവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. രാവിലെ ആറു മുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. രാവിലെ ആറുമുതല്‍ പാസ്സില്ലാത്ത ആരെയും പവലിയന്‍ ഭാഗത്തേക്ക് കടത്തി വിടുന്നതല്ല. പാസ്സുമായി പവലിയനില്‍ എത്തുന്ന ഭാരവാഹികളോ മറ്റുള്ളവരോ അവരോടൊപ്പം പാസ്സില്ലാത്ത ആളുകളെ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പാസ്സില്ലാത്തവര്‍ക്ക് പവലിയനിലേക്കുള്ള പ്രവേശനം കര്‍ശനമായി നിഷേധിക്കും.

പാസ്സ് / ടിക്കറ്റുമായി പവലിയനില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ വള്ളംകളി തീരുന്നതിനുമുമ്പ് പുറത്തുപോയാല്‍ പിന്നീട് തിരികെ പ്രവേശിപ്പിക്കുന്നതല്ല.  രാവിലെ എട്ടിനു ശേഷം ഒഫീഷ്യല്‍സിന്റെ അല്ലാത്ത ബോട്ടുകളും, സ്പീഡ് ബോട്ടുകളും, വള്ളങ്ങളും മത്സര ട്രാക്കില്‍ പ്രവേശിക്കാന്‍ പാടില്ലാത്തതും പ്രവേശിക്കുന്ന വള്ളങ്ങളെ പിടിച്ചുകെട്ടുന്നതും, അത്തരം ജലയാനങ്ങളുടെ പെര്‍മിറ്റും, ഡ്രൈവറുടെ ലൈസന്‍സും കുറഞ്ഞത് മൂന്നു വര്‍ഷത്തേക്ക്  സസ്പെന്‍ഡ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്യുന്നതുമാണ്.

കനാലിലോ റേസ്സ് ട്രാക്കിലോ ആരും തന്നെ നീന്തുവാൻ പാടില്ല. അനൗണ്‍സ്മെന്റ് / പരസ്യബോര്‍ഡുകള്‍  രാവിലെ എട്ടിനു ശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കുവാന്‍ പാടില്ല.  മൈക്ക് സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല. .ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അത്തരം ബോട്ടുകള്‍ മൈക്ക് സെറ്റ് സഹിതം പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കുന്നതും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനു ശുപാര്‍ശ  ചെയ്യുന്നതുമാണ്.

വളളം കളി കാണാന്‍ ബോട്ടിലെത്തുവര്‍ രാവിലെ 10 നു മുന്‍പ് സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. വള്ളം കളി കാണാന്‍ ഗാലറികളില്‍ പ്രവേശിക്കുന്നവരും മറ്റ് കരഭാഗത്തു നില്‍ക്കുന്നവരും യാതൊരു കാരണവശാലും കനാലിലേക്ക് പ്ലാസ്റ്റിക്ക് കുപ്പികളോ മറ്റ് സാധന സാമഗ്രികളോ വലിച്ചെറിയുവാന്‍ പാടില്ല.  വള്ളംകളി നടക്കുന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും മറ്റും പരസ്യമായി മദ്യപാനം തടയുന്നതിന് റെയ്ഡുകള്‍ നടത്താന്‍ ഷാഡോ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

പരസ്യമായി മദ്യക്കുപ്പികൾ കൊണ്ട് നടക്കുന്നവരെയും, പരസ്യ മദ്യപാനം നടത്തുന്നവരെയും, മദ്യലഹരിയില്‍ ജനങ്ങള്‍ക്ക് അസഹ്യത ഉളവാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെയും സ്ഥലത്ത് നിന്ന് നീക്കം ചെയ്യുന്നതും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്. രാവിലെ 9 മണിക്ക് ശേഷം ഡി റ്റി പി സി ജെട്ടി മുതല്‍ പുന്നമടകായലിലേക്കും, തിരിച്ചും ഒരു ബോട്ടും സര്‍വ്വിസ് നടത്തുവാന്‍ അനുവദിക്കില്ല.

നഗരത്തിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവം കണക്കിലെടുത്ത് ഇന്ന് (ഓഗസ്റ്റ് 31)രാവിലെ ഒമ്പതു മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ ആറുമുതൽ ആലപ്പുഴ നഗരത്തിലെ റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല.  അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. ഉടമയിൽ നിന്ന് പിഴ ഈടാക്കും

രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലാകോടതി വടക്കേ ജംഗ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജംഗ്ഷൻ വരെ വാഹന ഗതാഗതം അനുവദിക്കില്ല. കൺട്രോൾറൂം മുതൽ കിഴക്ക് ഫയർഫോഴ്സ് ഓഫീസ് വരെയുള്ള ഭാഗത്ത് കെഎസ്ആർടിസി ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കില്ല.

വള്ളംകളി കാണാൻ ആലപ്പുഴ തണ്ണീർമുക്കം റോഡിലൂടെ വടക്കു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ എസ് ഡി വി  സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. എറണാകുളം ഭാഗത്തു നിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ കൊമ്മാടി വന്ന എസ് ഡി വി  സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങൾ കാർമൽ,  സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

രാവിലെ 9 മുതൽ രാത്രി എട്ടുവരെ ഹെവി കണ്ടെയ്നർ ടൗണിൽ പ്രവേശിക്കുവാൻ പാടില്ല. തെക്ക് ഭാഗത്ത് വരുന്ന ഹെവി കണ്ടെയ്നർ വാഹനങ്ങൾ കളർകോട് ബൈപ്പാസിലും  വടക്ക് ഭാഗത്തു നിന്നും വരുന്നവ കൊമ്മാടി ബൈപ്പാസിലും  പാർക്ക് ചെയ്യണം.

പുന്നമടയിലെ ജലഗതാഗതം നിരോധിച്ചു
ആലപ്പുഴ: നെഹ്‌റുട്രോഫി മത്സര വള്ളംകളി നടക്കുന്നതിനാൽ ഓഗസ്റ്റ് 31 പുന്നമടയിലെ ജലഗതാഗതം രാവിലെ 6 മണിമുതൽ വൈകിട്ട് 6 മണിവരെ നിരോധിച്ചതായി ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
വൈദ്യസഹായത്തിന് ബന്ധപ്പെടാം
ആലപ്പുഴ:നെഹ്‌റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് വൈദ്യസഹായം നൽകുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും പ്രത്യോക സജ്ജീകരണം ഏർപ്പെടുത്തി. എട്ടുടീമുകളായാണ് മെഡിക്കൽ സംഘത്തെ ക്രമീകരിച്ചിരിക്കുന്നത്. ആവശ്യമുള്ളവർക്ക് ടീം ലീഡറെ ബന്ധപ്പെടാം. ടീം ലീഡർ ഫോൺ: 9747211474,8848413343. വിവിധ ഭാഗങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ. നെഹ്‌റുപവലിയൻ-9747211466, സ്റ്റാർട്ടിങ് പോയിന്റ്-9946105778, വാട്ടർ ആംബുലൻസ്, റോഡ് ആംബുലൻസ്-9946949108, വി.വി.ഐ.പി പവലിയൻ-8943341390, പവലിയൻ വടക്കേഅറ്റം-9995069779, സ്റ്റാർട്ടിങ് പോയിന്റിന് കിഴക്കുവശം- 9745161957, പാലിയേറ്റീവ്-8943341396.