കാക്കനാട്: ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ദേശീയ പാത-പൊതുമരാമത്ത് വകുപ്പ് ഭേദമന്യേ ജില്ലയില്‍ ഭൂരിഭാഗം റോഡുകളും ശോച്യാവസ്ഥയിലാണെന്ന് യോഗത്തില്‍ പങ്കെടുത്ത ജന പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
വാടകയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിച്ച് പൂണിത്തുറ വില്ലേജോഫീസ് പുതിയ വാടക കെട്ടിടത്തിലേക്ക് മാറ്റണമെന്ന് പി.ടി.തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. നിലവിലുളള വില്ലോജോഫീസ് ശോച്യാവസ്ഥയിലാണ്. ഇവിടുത്തെ രേഖകള്‍ നശിച്ചു കൊണ്ടിരിക്കുകയാണെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി. തൃക്കാകര മണ്ഡലത്തിലെ അനധികൃത ഹോസ്റ്റലുകളിലും അതിഥി തൊഴിലാളി താമസ കേന്ദ്രങ്ങളിലും പരിശോധന നടത്തണം. പ്ലേസ്‌കൂളുകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. പാലാരിവട്ടം പാലത്തിലുടെ ചെറുവാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
ആലുവ മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. പ്രളയ നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പരാതികള്‍ പരിഹരിക്കണം. പെരിയാര്‍ വാലി കനാലുകളില്‍ നിന്നുളള മാലിന്യങ്ങള്‍ ഉടനടി നീക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ വെട്ടിക്കുറക്കുന്നത് അവസാനിപ്പിക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ ആവശ്യപ്പെട്ടു. സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കാന്‍ വകുപ്പ് തയ്യാറാകണം. മൂവാറ്റുപുഴ മേഖലയില്‍ എലിപ്പനി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം. ബാങ്ക് സൗകര്യം കുറവായ പഞ്ചായത്തുകളില്‍ നിലവിലുള്ള ശാഖകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കണം. ദേശീയ കുടുംബക്ഷേമ പദ്ധതിയില്‍ കുടിശിക തുക അടിയന്തിരമായി വിതരണം ചെയ്യണം. ടോറസുകളുടെ അമിതവേഗം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അങ്കമാലി മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് റോജി.എം.ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മാസങ്ങളായി ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇഴയുകയാണ്. കാലടി പാലത്തിലേതുള്‍പ്പടെ റോഡുകളുടെ ശോച്യാവസ്ഥ അടിന്തിരമായി പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവാറ്റുപുഴ മാര്‍ക്കറ്റ് റോഡിലെ നിയമവിരുദ്ധമായ കയറ്റിറക്ക് അപകടങ്ങള്‍ക്ക് കാരണമാകുകയാണെന്നും ഇത് നിയന്ത്രിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ആവശ്യപ്പെട്ടു. ചെങ്ങറ കോളനി നിവാസികള്‍ക്ക് വീടു നിര്‍മ്മിക്കുന്നതിന് മരം വെട്ടുന്നതിനുളള തടസം നീക്കണമെന്നും അവര്‍ പറഞ്ഞു.
മൂവാറ്റുപുഴയാറിലെ മണല്‍ വാരല്‍ പുനരാരംഭിക്കണമെന്ന് പിറവം നഗരസഭാ ചെയര്‍മാന്‍ സാബു.കെ.ജേക്കബ് ആവശ്യപ്പെട്ടു. മണലടിഞ്ഞ് പുഴയുടെ ആഴം കുറഞ്ഞത് മൂലം പ്രളയസാധ്യത വര്‍ധിച്ചിരിക്കുകയാണ്. പുഴ കടന്നു പോകുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ട് മെച്ചപ്പെടുത്തുന്നതിനും മണല്‍ വാരലിലൂടെ ലഭിക്കുക തുക വഴിയൊരുക്കും. മണല്‍ വാരലുമായി ബന്ധപ്പെട്ട് യോഗം വിളിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചിട്ടുണ്ടെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.പിറവത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും സാബു.കെ.ജേക്കബ് ആവശ്യപ്പെട്ടു.
കുട്ടമ്പുഴ കല്ലേലിമേടില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഡീന്‍കുര്യാക്കോസ് എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. കല്ലൂര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ കയറാന്‍ നടപടി സ്വീകരിക്കണം. മൂവാറ്റുപുഴ ടൗണില്‍ മഴ പെയ്യുമ്പോള്‍ സിഗ്നല്‍ തകരാറിലാകുന്നത് ഗതാഗത കുരുക്കിന് കാരണമാകുന്നതായും ഇത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന്  കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. റോഡു പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതിനോടകം ഏഴ് ഉത്തരവുകള്‍ നല്‍കി കഴിഞ്ഞു. വകുപ്പുകള്‍ തമ്മിലുളള തര്‍ക്കം ഒരിക്കലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തടസമാകരുത്. ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ വകുപ്പുകള്‍ തന്റെ ശ്രദ്ധയില്‍പെടുത്തണം.  പുനര്‍നിര്‍മ്മാണം മനപ്പൂര്‍വം താമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. ജില്ലയിലെ മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണ കൂടം വിപുലമായ കര്‍മ പദ്ധതി നടപ്പാക്കും.ജില്ലയിലെ ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതകളെ കുറിച്ച് പഠനം നടത്തിയ വിദഗ്ദ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് മൂന്ന് പഞ്ചായത്തുകളിലെ ആയിരത്തിലധികം പേരെ പുനരധിവസിപ്പിക്കേണ്ടി വരും. ഇതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. പ്രളയ നഷ്ടപരിഹാര വിതരണത്തില്‍ എറണാകുളം സംസ്ഥാനത്ത് തന്നെ ഒന്നാമതാണ്. ബാക്കിയുളള അര്‍ഹരായവര്‍ക്ക് ഓണത്തിന് മുമ്പ് നഷ്ടപരിഹാരം നല്‍കുമെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
എം.എല്‍.എമാരായ പി.ടി.തോമസ്, അന്‍വര്‍സാദത്ത്, എല്‍ദോ എബ്രഹാം, റോജി.എം.ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളികുര്യാക്കോസ്, പിറവം നഗരസഭാ ചെയര്‍മാന്‍ സാബു.കെ.ജേക്കബ്, ജില്ലാകളക്ടര്‍ എസ്.സുഹാസ്, എ.ഡി.എം. കെ.ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.