വ്യാവസായിക രംഗത്തെ പുരോഗതിക്കായി വാണിജ്യ മിഷൻ പുനഃ സംഘടിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. വിദേശ വിപണി കണ്ടെത്തി മേഖലയെ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ അവസരം നൽകുന്നതിനുമുള്ള നയങ്ങളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവണ്ണൂർ കോട്ടൺ മില്ലിൽ നിന്ന് വിദേശത്തെക്ക് കയറ്റി അയക്കുന്ന ആദ്യ ലോഡ് കോട്ടൺ നൂലിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മറ്റ് സംസ്ഥാനങ്ങളിലെ ടെക്സ്റ്റൈൽസ് രംഗം പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ വിദേശ മാർക്കറ്റ് കണ്ടെത്തി കേരളത്തിലെ ഉൽപ്പന്നങ്ങൾക്ക് നേട്ടമുണ്ടാക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കൈത്തറി മേഖലയുടെ തകർച്ച സ്പിന്നിംഗ് മില്ലുകളെ ബാധിച്ചിട്ടുണ്ട്. എന്നാൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൈത്തറി യൂണിഫോം നൽകി കൈത്തറി പുനരുജ്ജീവനത്തിന്റെ പാതയിലാണ്. അടുത്തവർഷം കൂടുതൽ കുട്ടികൾക്ക് കൈത്തറി യൂണിഫോം നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. കൂടാതെ അംഗൻവാടി,ആശാ പ്രവർത്തകർക്കുള്ള യൂണിഫോമുകളും കൈത്തറി വഴി നൽകാൻ ആലോചിക്കുന്നുണ്ട്. തൊഴിലാളികൾക്ക് പി എഫ്, ഇ എസ് ഐ, ഗ്രാറ്റിവിറ്റി എന്നിവ ഉറപ്പാക്കിയ മിനിമം വേജസ് ആക്ട് നടപ്പാക്കിയ സർക്കാരാണിത്. മിനിമം കൂലി കിട്ടാത്ത ഖാദി തൊഴിലാളികൾക്ക് 40% ശമ്പളവർധന നടപ്പാക്കിക്കഴിഞ്ഞു.

തിരുവനന്തപുരം മില്ലിൽ നിന്ന് ചൈനയിലേക്ക് ഇപ്പോൾ ഗുണ മേന്മ ഉളള നൂൽ കയറ്റി അയക്കുന്നുണ്ട്. ഈ രീതിയിൽ എല്ലാ സ്ഥാപനങ്ങൾക്കും കഴിയണം. പോരായ്മകൾ കണ്ടെത്തി മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ 17 സ്പിന്നിങ് മില്ലുകളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായി നിർദേശം നൽകി കഴിഞ്ഞു. കേരളത്തിൻറെ തനത് വ്യാവസായിക ഉൽപന്നങ്ങൾക്ക് വിദേശ മാർക്കറ്റ് കണ്ടെത്തി വിപണനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതയും മന്ത്രി അറിയിച്ചു.

250 തൊഴിലാളികളാണ് ഇപ്പോൾ തിരുവണ്ണൂർ മില്ലിൽ ഉള്ളത്. മില്ലിന്റെ നവീകരണത്തിനായി 25 കോടി രൂപ സർക്കാർ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. സഹകരണം ഉള്ള യൂണിയനുകളും ആത്മാർത്ഥതയുള്ള തൊഴിലാളികളും ഉള്ളതുകൊണ്ട് തന്നെ മലബാർ സ്പിന്നിംഗ് മില്ലിനെ പ്രതാപകാലത്തേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കും എന്ന് വിശ്വാസമുണ്ടെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ ചെയർമാൻ മന്ത്രിക്ക് ഉപഹാരം നൽകി. സംസ്ഥാന ടെക്സ്റ്റയിൽ കോര്പറേഷന്റെ യുണിറ്റ് ആയ മലബാർ സ്പിന്നിങ്ങ് ആൻഡ് വീവിംഗ് മിൽസ് കേരളത്തിന്റെ വ്യവസായ മികവിന് മുതൽക്കൂട്ടായി ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിലേക്കാണ് നൂൽ കയറ്റി അയക്കുന്നത്.

കെ എസ് ടി സി ചെയർമാൻ സി ആർ വത്സൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഇൻ ചാർജ് മുഹമ്മദ്‌ ഷെരിഫ്, വാർഡ് കൗൺസിലർ നമ്പിടി നാരായണൻ, തൊഴിലാളി സംഘടന നേതാക്കളായ എം വൈശാഖ് ( സി.ഐ.ടി.യു) കെ ഉദയ കുമാർ(ഐ.എൻ.ടി.യു.സി ), ആർ പുഷ്പരാജൻ (ബി.എം.എസ് ), കെ എസ്. ടി. സി ഡയറക്ടർ ടി ഭാസ്കരൻ എന്നിവർ സംസാരിച്ചു.