സെക്രട്ടേറിയറ്റിലെ കൃഷി തല്പരരായ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ഗ്രീൻ വോളന്റിയേഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റിലെ അനക്സ് രണ്ടിനു മുകളിൽ നടത്തിയ മണ്ണില്ലാകൃഷി( അക്വാപോണിക്സ്) യിൽ നിന്നും ഒരു കിലോയോളം തൂക്കമുളള ആസാം വാളയാണ് വിളവെടുത്തത്. എട്ട് മാസം വളർച്ചയെത്തിയ മീനുകളെ കിലോയ്ക്ക് 200 രൂപ നിരക്കിൽ ജീവനക്കാർക്ക് തന്നെ വില്പന നടത്തി. ആദ്യ വില്പനയും മന്ത്രി നിർവഹിച്ചു. ഇതോടനുബന്ധിച്ചുള്ള പച്ചക്കറി കൃഷിയിൽ ഇതിനകം തന്നെ രണ്ടു  ഘട്ട വിളവെടുപ്പ് നടത്തിയിരുന്നു. ഗാർഡൻ സൂപ്പർവൈസർ എൻ. സുരേഷ്‌കുമാറാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. രണ്ടായിരത്തോളം ജീവനക്കാരാണ് ഗ്രീൻ വോളന്റിയേഴ്സ് ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളത്.