പി.എസ്.സി പരീക്ഷ എഴുതുന്നവർക്ക് മലയാളത്തിലും ചോദ്യക്കടലാസ് ലഭ്യമാക്കണമെന്ന ആവശ്യം സംബന്ധിച്ച് പി.എസ്.സിയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി യോഗത്തിൽ ഈ പ്രശ്‌നം ഉന്നയിക്കപ്പെട്ടപ്പോഴാണ് സമിതിയുടെ അധ്യക്ഷനായ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പി.എസ്.സി. പരീക്ഷകളിൽ മലയാളത്തിൽ കൂടി ചോദ്യങ്ങൾ ലഭ്യമാക്കണമെന്ന് ഔദ്യോഗിക ഭാഷാ സമിതി നേരത്തെ തന്നെ പി.എസ്.സിയോട് അഭ്യർത്ഥിച്ചിരുന്നു. പത്താം ക്ലാസിനു മുകളിൽ യോഗ്യത ആവശ്യമുള്ള പി.എസ്.സി പരീക്ഷകളിൽ പത്തു മാർക്കിന് മലയാളത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മാതൃഭാഷയിൽ ചോദ്യക്കടലാസ് ലഭിക്കുന്നില്ല. മലയാളം മാധ്യമത്തിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഇത് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നം വീണ്ടും പി.എസ്.സിയുടെ ശ്രദ്ധയിൽപ്പെടുത്താൻ യോഗം തീരുമാനിച്ചു.

ഭരണ ഭാഷ മലയാളത്തിലാക്കുന്നതിനുള്ള തീരുമാനം നടപ്പാക്കുന്നതു സംബന്ധിച്ച പുരോഗതി യോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ ഭരണഭാഷാ പ്രഖ്യാപനത്തിനു ശേഷം ഇക്കാര്യത്തിൽ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്. ജില്ലാ ഓഫീസുകളിലും അനുബന്ധ ഓഫീസുകളിലും 90 ശതമാനത്തിലേറെ കാര്യങ്ങളും മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഡയറക്ടറേറ്റുകൾ, കമ്മീഷണറേറ്റുകൾ, സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിലെ മാറ്റം പ്രതീക്ഷിച്ച രീതിയിൽ പുരോഗമിച്ചിട്ടില്ല. ഭാഷാമാറ്റം പൂർണമാക്കുന്നതിന് വകുപ്പ് മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ഫയലുകൾ മലയാളത്തിൽ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്കും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കും അവബോധ പരിപാടി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

സർക്കാർ വെബ്‌സൈറ്റിൽ മലയാളത്തിൽ കൂടി വിവരങ്ങൾ നൽകണമെന്ന തീരുമാനം മിക്കവാറും നടപ്പാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലും ഡയറക്ടറേറ്റുകളിലും കമ്മീഷണറേറ്റിലുമായി 39 വെബ്‌സൈറ്റുകളിൽ മലയാളത്തിൽ വിവരങ്ങൾ നൽകുന്നുണ്ട്. 12 കലക്ടറേറ്റുകളിലേയും 4 സർവ്വകലാശാലകളിലേയും വെബ്‌സൈറ്റുകളും മലയാള ത്തിൽ ലഭ്യമാണ്.

യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഭാഷാ സമിതി അംഗങ്ങളായ ഡോ. ജോർജ് ഓണക്കൂർ, പ്രൊഫ. വി.എൻ. മുരളി, പ്രൊഫ. വി. കാർത്തികേയൻ നായർ, എ.ആർ. രാജൻ, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.