*മൂന്നാര്‍ ട്രാവല്‍ മാര്‍ട്ട് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു 
മൂന്നാറിന്റെ ടൂറിസം സാധ്യതകളെ ലോകസഞ്ചരികള്‍ക്ക് പരിചയപ്പെടുത്തുന്നതിന്   ടൂറിസം വകുപ്പും  മൂന്നാര്‍   ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സും സംയുക്തമായി മൂന്നാര്‍ ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിച്ചു. ചിന്നക്കനാല്‍ മൂന്നാര്‍ കാറ്ററിംഗ് കോളേജില്‍ നടന്ന ട്രാവല്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.
കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ച നിരക്കിന്റെ 10% ടൂറിസത്തിന്റെ സംഭാവനയാണ്. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ അത് 13 ശതമാനം ആക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു. ഉത്തരവാദ ടുറിസം അടക്കമുള്ള പദ്ധതികള്‍ ജില്ലയുടെ വികസനത്തിന് മുതല്‍കൂട്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബിസിനസ് ടു ബിസിനസ്സ് മീറ്റ്, ഡെസ്റ്റിനേഷന്‍ ടൂര്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ്  മൂന്നാര്‍ ട്രാവല്‍ മാര്‍ട്ട്  സംഘടിപ്പിക്കുന്നത്.   രാജ്യത്തിനകത്തും പുറത്തു നിന്നുമായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍, എഴുത്തുകാര്‍, ബ്ലോഗര്‍മാര്‍ എന്നിവരുള്‍പ്പെടെ നാനുറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.  മൂന്നാര്‍  ടൂറിസത്തിന്റെ കൂടുതല്‍ സാധ്യതകള്‍ വിശദീകരിച്ചുള്ള ബിസിനസ് ടു ബിസിനസ്   മീറ്റില്‍ മൂന്നാറിലെ  ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹൈഡല്‍ ടൂറിസം,   കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ്  ഡിവിഷന്‍,  ഡി.ടി.പി.സി എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. മൂന്നാര്‍ ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി വിവിധ പ്രസന്റേഷനുകളും അവതരിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച്  ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്ത അതിഥികളെ  പങ്കെടുപ്പിച്ച് കൊളുക്കുമല, പൊന്‍മുടി – കള്ളിമാലി, വിരിപാറ – ലക്ഷമി എന്നിവിടങ്ങളിലേക്ക് ഡെസ്റ്റിനേഷന്‍ ടൂറും ഞായറാഴ്ച (8.9.1 9) സംഘടിപ്പിക്കും.    ദേവികുളം   സബ് കലക്ടര്‍ ഡോ.രേണു രാജ് അധ്യക്ഷയായിരുന്നു.   ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, മൂന്നാര്‍ കേറ്റിംഗ് കോളേജ് ചെയര്‍മാന്‍ ടിസന്‍ തച്ചങ്കിരി, ടുറിസം വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ തോമസ് ആന്റണി, മൂന്നാര്‍ ട്രാവല്‍ മാര്‍ട്ട്  ചെയര്‍മാന്‍ വിമല്‍ റോയ് എന്നിവര്‍ സംസാരിച്ചു.