കൊച്ചി: ഓട്ടോറിക്ഷാ ഡ്രൈവർമാർ അമിത ചാർജ് വാങ്ങുന്നതിനെതിരെ കണയന്നൂർ താലൂക്ക് വികസന സമിതി . മീറ്റർ തുകയുടെ ഇരട്ടിയാണ് ചാർജ് വാങ്ങുന്നതെന്ന് പരാതി ഉയർന്നു . അമിത ചാർജ് വാങ്ങുന്നതിനെതിരെ നടപടിയെടുക്കാൻ റോഡ് ട്രാൻസ്പോർട്ട് ഓഫീസർക്ക് നിർദ്ദേശം നൽകി.

ഇടപ്പള്ളി നോർത്ത് വില്ലേജ് പരിധിയിൽ റീസർവേ കഴിഞ്ഞതിനുശേഷം പരാതികൾ ഉയർന്ന സാഹചര്യത്തിൽ പരാതി പരിഹരിക്കുന്നതിനായി സർവ്വേ അദാലത്ത് സെപ്റ്റംബർ 19ന് നടത്തും. ഇടപ്പള്ളി നോർത്ത് വില്ലേജിൽ രാവിലെ 10.30 മുതൽ ഒരു മണി വരെയാണ് അദാലത്ത്. പരാതികളുള്ളവർ ആധാരം, മുന്നാധാരം, കരമടച്ച രസീത്, ബാധ്യതാ സർട്ടിഫിക്കറ്റ് എന്നിവ അദാലത്തിൽ ഹാജരാക്കണം.

ഓണക്കാലം പ്രമാണിച്ച് ഓഫറുകളുള്ളതിനാൽ ഗതാഗത തസ്സം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ പൊലീസ് കൂടുതൽ ജാഗ്രത പാലിക്കണം. റേഷൻ കടകളിലും സപ്ലൈകോ സ്റ്റോറുകളിലും അരിയും മറ്റ് പലവ്യഞ്ജനങ്ങളും പൊതു ജനങ്ങൾക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

കണ്ടെയ്നർ ലോറികശക്കും ടോറസുകൾക്കും വലിയ ഗ്യാസ് വണ്ടികൾക്കും രാത്രി 10 മണിക്ക് ശേഷവും രാവിലെ ആറുമണിക്ക് മുൻപും മാത്രമേ ഗതാഗതം അനുവദിക്കാവൂ എന്ന് പി ടി തോമസ് എംഎൽഎ പറഞ്ഞു.

ഇടപ്പള്ളി വാഴക്കാല വില്ലേജുകൾക്ക് പുതിയ ഓഫീസ് കെട്ടിടം നിർമിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ഫണ്ട് അനുവദിച്ചതായും കണയന്നൂർ താലൂക്ക് ഓഫീസിന് ഫർണിച്ചറുകൾ വാങ്ങാൻ രണ്ടര ലക്ഷം രൂപ എംഎൽഎ ഫണ്ട് അനുവദിച്ചതായും പിടി തോമസ് എംഎൽഎ വികസന സമിതി അറിയിച്ചു.

പൂണിത്തുറ വില്ലേജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് വിപണി വില അനുസരിച്ച് വാടക നിശ്ചയിച്ച് നൽകാൻ പിഡബ്ല്യുഡി വകുപ്പിന് നിർദ്ദേശം നൽകി.

സേഫ് കേരള പദ്ധതിയിൽ രാത്രികാലങ്ങളിൽ ഉൾപ്പെടെ പ്രത്യേക പരിശോധനകൾ ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഓണാവധി കാലത്ത് വയലുകൾ നികത്താൻ സാധ്യത കൂടുതലായതിനാൽ ജാഗ്രത പാലിക്കാൻ പോലീസിന് നിർദ്ദേശം നൽകി. മരട് – നെട്ടൂർ – മാടവന -പിഡബ്ല്യുഡി റോഡിലെ കയ്യേറ്റങ്ങളും ലിസി ആശുപത്രിക്കു സമീപം സ്വകാര്യ വ്യക്തിയുടെ കയ്യേറ്റവും ഒഴിപ്പിക്കാൻ നടപടി എടുക്കമെന്ന് താലൂക്ക് വികസന സമിതി ആവശ്യമുയർന്നു.

സർവീസ് റോഡുകൾ സഞ്ചാരയോഗ്യം ആക്കാൻ നാഷണൽ ഹൈവേ അധികൃതർക്ക് വികസന സമിതി നിർദ്ദേശം നൽകി. വീട് ശുചീകരിക്കാൻ കൊച്ചി കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ കോർപ്പറേഷൻ വാഹനവും തൊഴിലാളികളെയും ഉപയോഗിച്ചതായി പരാതി ഉയർന്നു . കൂടാതെ കെട്ടിടത്തിന് നമ്പർ ഇടാൻ യാതൊരു തടസ്സവും ഇല്ലാതിരുന്നിട്ടും കോർപ്പറേഷൻ അധികൃതർ അനാസ്ഥ കാട്ടിയതായും പരാതി ഉയർന്നു. ഹൈക്കോർട്ട് – മുളവുകാട് റൂട്ടിൽ ബസ് യാത്രാ സൗകര്യം കുറവാണെന്നും പരാതി ഉയർന്നു.

പി.ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ച താലൂക്ക് വികസന സമിതി യോഗത്തിൽ കണയന്നൂർ തഹസീൽദാർ ബീനാ പി ആനന്ദ്, എൽ ആർ തഹസിൽദാർ മുഹമ്മദ് സാബിർ വികസന സമിതി അംഗങ്ങളായ മനോജ് പെരുമ്പിള്ളി, പി.ആർ. ബിജു , കെഎസ്ഇബി, പൊലീസ് , വാട്ടർ അതോറിറ്റി, ആർറ്റിഒ, കെ എസ് ആർ ടി സി , ജില്ലാ മെഡിക്കൽ ഓഫീസ്, പിഡബ്ല്യുഡി റോഡ്സ് , നാഷണൽ ഹൈവേ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.