കാക്കനാട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2018-19 സാമ്പത്തിക വര്‍ഷം 100 ദിവസം തൊഴില്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്ക് പ്രത്യേക പാരിതോഷികമായി 1000/ രൂപ വീതം അനുവദിച്ച് ജില്ലാകളക്ടര്‍ ഉത്തരവ്. 26454 കുടുംബങ്ങള്‍ക്കായി 2,64,54,000 രൂപയാണ് അനുവദിച്ചിട്ടുളളത്.

ജില്ലയില്‍ 82 ഗ്രാമപഞ്ചായത്തുകളിലായി 82264 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷം തൊഴില്‍ നല്‍കിയത്. ഇതില്‍ 32% കുടുംബങ്ങളാണ് 100 ദിവസവും അതിലധികവും തൊഴില്‍ പൂര്‍ത്തിയാക്കി പ്രത്യേക പാരിതോഷികത്തിന് അര്‍ഹരായത്. ആലങ്ങാട് ബ്ലോക്കിലെ കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളി കുടുംബങ്ങള്‍ പ്രത്യേക പാരിതോഷികത്തിന് അര്‍ഹരായത്. 786 കുടുംബങ്ങളാണ് കരുമാലൂർ പഞ്ചായത്തിൽ 100 ദിവസം പൂര്‍ത്തിയാക്കിയത്. 5133 പട്ടികജാതി കുടുംബങ്ങളും 295 പട്ടിക വര്‍ഗ്ഗ കുടുംബങ്ങളും വിഭാഗങ്ങളിൽ നിന്നും 21026 കുടുംബങ്ങളുമാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2008 -ല്‍ പദ്ധതി ആരംഭിച്ചത് മുതല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ 100 ദിവസം തൊഴില്‍ പൂര്‍ത്തിയാക്കിയിട്ടുളളത് (26454).

തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടുളള പ്രത്യേക പാരിതോഷികം തുക 7 ന് ഗ്രാമപഞ്ചായത്തുകളുടെ അക്കൗണ്ടിലേക്ക് കൈമാറുന്നതാണെന്നും അന്നുതന്നെ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് തുക കൈമാറുന്നതിനുളള നിര്‍ദ്ദേശം നല്‍കിയിട്ടുളളതായും ജില്ലാകളക്ടര്‍ സുഹാസ്.എസ് ഐ.എ.എസ് അറിയിച്ചു