കൊച്ചി: കൊച്ചിൻ കപ്പൽശാലയിൽ നിർമ്മിക്കുന്ന മറൈൻ ആംബുലൻസിന്റെ കീൽ ഇടൽ മത്സ്യബന്ധന ഹാർബർ എൻജിനീയറിങ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിർവ്വഹിച്ചു . കടൽ രക്ഷാ പ്രവർത്തനത്തിനായി സർക്കാർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സോണുകളിലേക്കായി മൂന്ന് മറൈൻ ആംബുലൻസുകളാണ് 18.24 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്നത്. 22.5 മീറ്റർ നീളത്തിലുള്ള മറൈൻ മറൈൻ ആംബുലൻസിന് 14 നോട്ടിക്കൽ മൈൽ പരമാവധി വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. രണ്ട് മെഡിക്കൽ ബെഡ്, മോർച്ചറി ഫ്രീസർ, റഫ്രിജറേറ്റർ, മെഡിക്കൽ ലോക്കർ, നഴ്സിംഗ് റൂം എന്നിവ ഉൾപ്പെടുന്ന മറൈൻ ആംബുലൻസാണ് നിർമ്മിക്കുന്നത് . രണ്ട് രോഗികളും പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ ഏഴ് പേർക്കുള്ള സൗകര്യമാണ് ഒരുക്കുക. 2020 ജനുവരിയിൽ ആദ്യത്തെ ആംബുലൻസ് പ്രവർത്തനസജ്ജമാകും.

ചടങ്ങിൽ കൊച്ചി കപ്പൽശാല ഓപ്പറേഷൻസ് ഡയറക്ടർ എൻ വി സുരേഷ് ബാബു , ഷിപ്പ് ബിൽഡിംഗ് ജനറൽ മാനേജർ എ.വി. സുരേഷ് കുമാർ, ഫിനാൻസ് ഡയറക്ടർ ജോസ് വി.ജെ , ഫിഷറീസ് ജോയിന്റ് ഡയറക്ടർ ശ്രീലു എൻ. എസ്‌, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജാ ജോസ്. പി തുടങ്ങിയവർ പങ്കെടുത്തു .