കൊച്ചി: പ്രശ്നങ്ങളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
തീരശോഷണം പ്രതിരോധവും ബദൽ സാധ്യതകളും ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കാലാവസ്ഥ വ്യതിയാനം നേരിട്ട് ബാധിക്കുന്നത് തീരപ്രദേശത്ത് താമസിക്കുന്നവരെയാണ്. തീരദേശത്ത് ഒരു മാസവും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ്. മത്സ്യത്തൊഴിലാളികളുട ആവാസ വ്യവസ്ഥയും ജീവനോപാധികളെയും സമ്പത്തിനെയും സംരക്ഷിക്കും. കടൽ തീരശോഷണം വ്യാപകമാകുന്നതിനാൽ പ്രകൃതി സൗഹൃദ പ്രതിരോധത്തോടൊപ്പം സുരക്ഷണവും അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി ഓഫ് ഷോർ ബ്രേക്ക് വാട്ടർ തീരപ്രദേശങ്ങളിൽ നടപ്പിലാക്കും. തീരശോഷണം കൂടുതലുള്ള തിരുവനന്തപുരം ജില്ലയിലെ പൂന്തുറ മുതൽ ശംഖുമുഖം വരെ ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി ഒക്ടോബർ മാസത്തിൽ പ്രവർത്തനം ആരംഭിക്കും. ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി നടപ്പാക്കുന്നതേടുകൂടി കടല്‍തീരത്ത് നിന്ന് 120 മീറ്റര്‍ അകലത്തില്‍ വച്ച് തന്നെ തിരമാലകള്‍ ബ്രേക്ക് വാട്ടറില്‍ തട്ടി ശക്തി ക്ഷയിച്ച് പോകുന്നതു മൂലം കടലാക്രമണം ഉണ്ടാകുകയില്ല. കൂടാതെ തീരത്തിന്റെ 50 മീറ്ററിനകത്ത് താമസിക്കുന്ന 24,454 കുടുംബങ്ങളെ പുനരധിവസിപ്പിക്കും . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തീരപ്രദേശത്ത് താമസിക്കുന്നവരുടെ പുനരധിവാസത്തിന് ആദ്യ ഘട്ടമായി 1398 കോടി രൂപ അനുവദിച്ചിട്ടുണ്ട് . തീരസംരക്ഷണത്തോടും പുനരധിവാസത്തോടൊപ്പം മത്സ്യസമ്പത്തിന്റെ സംരക്ഷണവും അത്യാവശ്യമാണ് . അക്കാദമിക് പഠനത്തോടൊപ്പം ഫീൽഡ് പഠനവും നൽകണമെന്നും മന്ത്രി പറഞ്ഞു . തൊഴിലാളികളുടെ അനുഭവ സമ്പത്തും അക്കാദമിക് മികവും മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

കാലാവസ്ഥാവ്യതിയാനവും കടൽ തീരവും , കേരള തീരത്തിന്റെ ശോഷണം ചരിത്രപരമായ പരിശോധന, തീരസംരക്ഷണം ആധുനിക ബദൽ സാധ്യതകൾ, കടലോര മേഖലയുടെ മാപ്പിംഗ്, കേരളതീരം കൈകടത്തലുകളുടെ ദുരന്തം, തീരത്ത് നടപ്പാക്കുന്ന സംരക്ഷണ പദ്ധതികൾ, തീരസംരക്ഷണം വിവിധ രാജ്യങ്ങളിലെ മാതൃകകൾ, കേരളത്തിലെ തീര സംരക്ഷണ പ്രവർത്തനങ്ങളും സമീപകാല നടപടികളും, തീര സംരക്ഷണത്തിൽ കായലിന്റെ പങ്ക്, തീര സംരക്ഷണവും ജനകീയ പങ്കാളിത്തവും, തുറമുഖത്തെ ഡ്രഡ്ജിംഗും പ്രത്യാഘാതവും എന്നീ വിഷയങ്ങളിൽ
അറ്റ്മോസ്ഫെറിക് സയൻസ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. കെ. സതീശൻ, എൻ.ഐ.ഒ റിട്ട. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കേശവദാസ്, ചെനൈ എൻ.ഐ.ഒ. ടി. സയന്റിസ്റ്റ് ഡോ. കിരൺ എ.എസ് , കോസ്റ്റൽ പ്രോസസ്സ് ഗ്രൂപ്പ് പ്രതിനിധി ഡോ.എൽ.ഷീലാ നായർ , ജേർണർ ഓഫ് കോസ്റ്റൽ റിസർച്ച് എഡിറ്റർ ഡോ. പി.കെ ദിനേശ് കുമാർ, കെ എസ് സി എ ഡി സി ചീഫ് എഞ്ചിനീയർ കൃഷ്ണൻ ബി.ടി.വി. , എ.എസ്.പി. മറൈൻ കൺസൾട്ടിംഗ് ആന്റ് റിസർച്ച് കൺസൾട്ടന്റ് ഡോ. എൻ.പി. കുര്യൻ, ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ഫിലിപ്പ് മത്തായി , എൻ ഐ ഒ ചീഫ് സയന്റിസ്റ്റ് ഡോ സി. രവിചന്ദ്രൻ, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധി വി.ഹരിലാൽ, റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ് എഞ്ചിനീയർ ശശികുമാർ എന്നിവർ ക്ലാസ്സുകൾ നയിച്ചു.

കുസാറ്റ്, കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷർ, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി എന്നിവരുടെ ആഭിമുഖ്യത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. ഓണാഘോഷ പരിപാടികളുടെ ചെലവ് ചുരുക്കി സമാഹരിച്ച 57,200 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ എൻ മധുസൂദനൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് കൈമാറി.

കൊച്ചി ഫോർഷോർ റോഡിലെ മറൈൻ സയൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം പി, എസ്. ശർമ എംഎൽഎ, മുൻ എം എൽ എ ഡൊമിനിക് പ്രസന്റേഷൻ, കടൽ ആക്ടിംഗ് ചെയർമാൻ മോൺ. യൂജിൻ പെരേര, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ്, ഡോ. എസ് അഭിലാഷ്, തീരപഠന മുൻ മേധാവി ഡോ. കെ വി തോമസ്, ഫിസിക്കൽ ഓഷ്യാനോഗ്രഫി വിഭാഗം മേധാവി ഡോ. ആർ. സജീവ്, ജനപ്രതിനിധികൾ, ഗവേഷകർ, മത്സ്യത്തൊഴിലാളി സംഘടനാ പദ്ധതികൾ , പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.