വയനാടിന്റെ ഭൗമ കാലാവസ്ഥ വിശകലനവും പ്രളയാനന്തര സാഹചര്യത്തിൽ മുളയുടെ വർദ്ധിക്കുന്ന പ്രാധാന്യവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ശ്രദ്ധേയമായി. ജില്ലാ ദുരന്തനിവാരണ അതോറിട്ടി, ജില്ലാ നിർമിതി കേന്ദ്ര, തൃക്കൈപ്പറ്റ ഉറവ് നാടൻ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രം, ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്‌കീം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് മുള വാരാചരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചത്. മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രളയാനുഭവങ്ങളുടെയും അതിജീവനത്തിന്റെയും ഭാവിയിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളുടെയും ചർച്ച വേദി കൂടിയായിമാറി സെമിനാർ.
വയനാടിന്റെ പരിസ്ഥിതിയും കാലാവസ്ഥയും; ഇന്നലെ-ഇന്ന്-നാളെ, വയനാടിന്റെ മണ്ണും ജലവും-പ്രളയാനന്തര യാഥാർത്ഥ്യങ്ങൾ, പ്രളയാനന്തര സാഹചര്യത്തിൽ മുളയുടെ പ്രാധാന്യവും ഭാവി ദുരന്തങ്ങൾ ചെറുക്കുന്നതിൽ മുളയ്ക്കുള്ള പങ്കും, മുളയും സുസ്ഥിര വികസനവും എന്നീ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. തിരുപ്പതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) വിസിറ്റിംഗ് സയന്റിസ്റ്റും വയനാട് ഹ്യൂം സെന്റർ ഓഫ് എക്കോളജി ഡയറക്ടറുമായ സി.കെ വിഷ്ണുദാസ്, ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ പി.യു ദാസ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയുട്ട് (കെ.എഫ്.ആർ.ഐ) റിട്ട. ശാസ്ത്രജ്ഞ ഡോ. കെ.കെ സീതാലക്ഷ്മി, ഉറവ് സിഇഒ ടോണി പോൾ എന്നിവർ വിഷയം അവതരിപ്പിച്ചു.
ചടങ്ങിൽ എൻ.എസ്.എസ് യൂണിറ്റുകൾക്കുള്ള മുളത്തൈ സി.കെ ശശീന്ദ്രൻ എം.എൽ.എയും പോസ്റ്റർ രചനാമത്സര വിജയികൾക്കുള്ള സമ്മാനം സബ് കളക്ടർ എൻ.എസ്.കെ ഉമേഷും വിതരണം ചെയ്തു. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ഭരതൻ അദ്ധ്യക്ഷത വഹിച്ചു. ഉറവ് സെക്രട്ടറി ടി. ശിവരാജ്, പ്രസിഡന്റ് ഡോ. എ.കെ അബ്ദുള്ളക്കുട്ടി, എൻ.എസ്.എസ് പ്രതിനിധി എം.കെ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. രാവിലെ പത്തരയോടെ ആരംഭിച്ച സെമിനാർ വൈകിട്ടോടെയാണ് സമാപിച്ചത്.
