കൽപ്പറ്റ നിയോജകമണ്ഡലത്തിൽ കിലയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കബനി നദീതട തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്തുതല ഉദ്ഘാടനം മുട്ടിൽ പഞ്ചായത്തിലെ ചാഴിവയൽ പുഴയോരത്ത് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ മുളതൈകൾ നട്ട് സി.കെ ശശീന്ദ്രൻ എം.എൽഎ നിർവ്വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ. പുഴയോരക്കൂട്ടം, നീർച്ചാൽക്കൂട്ടം തുടങ്ങിയവ രൂപീകരിച്ച് പുഴ സംരക്ഷണം നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പഞ്ചായത്ത് പ്രസിഡന്റ് പി. ഭരതൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ, സ്ഥിരംസമിതി അംഗങ്ങളായ എൻ.ബി ഫൈസൽ, എ.പി അഹമ്മദ്, സി.കെ ബാലകൃഷ്ണൻ, എ.ഡി.എസ് ചെയർപേഴ്‌സൺ നബീസ, പച്ചപ്പ് പദ്ധതിയുടെ കോ-ഓർഡിനേറ്റർ കെ. ശിവദാസൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.