അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ വൃദ്ധജനങ്ങള്‍ക്ക് വിശ്രമിക്കാനായി വിശ്രമകേന്ദ്രം ഒരുങ്ങി. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടു കഴിയുന്നവരുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുക ലക്ഷ്യമിട്ട്് പഞ്ചായത്തിന്റെ 2018- 2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമ കേന്ദ്രം നിര്‍മിച്ചത്.

പണി പൂര്‍ത്തിയായ വിശ്രമകേന്ദ്രം ഉടനെ വയോജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ പറഞ്ഞു. പുതൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം ഒരുക്കിയിട്ടുള്ള വിശ്രമ കേന്ദ്രത്തില്‍ വൃദ്ധജനങ്ങള്‍ക്ക് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ച് വരെ വിശ്രമിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കുക.

900 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു ഹാള്‍, അടുക്കള, ബാത്ത്‌റൂം എന്നീ സൗകര്യങ്ങളോടെ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ കെയര്‍ടെയ്ക്കറുടെ സേവനവും വയോധികര്‍ക്ക് ലഭ്യമാക്കും. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് നേരം ഭക്ഷണവും ഉല്ലാസത്തിനായി ടി.വി.യും പത്രവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും വിശ്രമകേന്ദ്രത്തില്‍ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.