കോഴിക്കോട്: അനെര്‍ട്ട് സൗരോര്‍ജ്ജ ശീതസംഭരണി കേരളത്തില്‍ ഉടനീളം വ്യാപിപ്പിക്കുമെന്ന് അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ. അനെര്‍ട്ട് സൗരോര്‍ജ്ജ ശീതസംഭരണിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയിലെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുത ചെലവ് കുറയ്ക്കുന്നതോടൊപ്പം ഉല്‍പന്നങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കുവാനും സൗരോര്‍ജ്ജ ശീത സംഭരണിയിലൂടെ സാധിക്കും.

സുഭിക്ഷ നാളികേര ഉല്‍പ്പാദക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സതി അധ്യക്ഷത വഹിച്ചു. നാളികേരം, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവ കേടുകൂടാതെ സംരക്ഷിക്കുന്നത്തിന് അനുയോജ്യമായ രീതിയിലാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സുഭിക്ഷ നാളികേര ഉല്‍പ്പാദക കേന്ദ്രത്തില്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ശീതസംഭരണി അനെര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്.

അഞ്ച് മെട്രിക് ടണ്‍ ശേഷിയുള്ള സംഭരണിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ അഞ്ച് എച്ച് പി കംപ്രസ്സര്‍ മോട്ടോര്‍, ആറ് കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പാനലുകളില്‍ നിന്നുള്ള വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതിയുടെ അഭാവത്തിലും 30 മണിക്കൂര്‍ വരെ നിശ്ചിത താഴ്ന്ന ഊഷ്മാവ് നിലനിര്‍ത്താന്‍ സംഭരണിക്ക് സാധിക്കും.

കാര്‍ഷിക വ്യവാസായിക മേഖലകള്‍ക്ക് ലാഭകരമാകുന്ന രീതിയില്‍ പദ്ധതി വ്യാപകമാക്കുവാനാണ് അനെര്‍ട്ട് ശ്രമിക്കുന്നത്. അനെര്‍ട്ടിന്റെ പദ്ധതി തുകയില്‍ നിന്നും 13.65 ലക്ഷം രൂപ ചിലവഴിച്ചാണ് സൗരോര്‍ജ്ജ ശീതസംഭരണി സ്ഥാപിച്ചിരിക്കുന്നത്.

നൊച്ചാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍, അനെര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ അനീഷ് എസ് പ്രസാദ്, സുഭിക്ഷ ഡയറക്ടര്‍ ഇ.എം ലിജി, എം. കുഞ്ഞമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.