പാലക്കാട്: കൃഷിയുടെ ആദ്യപാഠം പഠിക്കാനായി അവര്‍ പാടത്തേക്കിറങ്ങി. മണ്ണിന്റെ മണമാസ്വദിച്ച് ഞാറു നട്ടു. അവര്‍ക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും ചേര്‍ന്നു. കൃഷിയെ തൊട്ടറിയാന്‍ കൃഷി ചെയ്ത് പഠിക്കാന്‍ പാടത്തേക്കിറങ്ങിയ മങ്കര സ്‌കൂളിലെ കുട്ടികള്‍ കൈകൊണ്ട് ഞാറു നട്ടാണ് കാര്‍ഷിക പഠനത്തിന് തുടക്കം കുറിച്ചത്.
ഞാറു നടുന്ന യന്ത്രവും കീടനാശിനി പ്രയോഗിക്കാന്‍ ഉപയോഗിക്കുന്ന ഡ്രോണുമെല്ലാം വിദ്യാര്‍ഥികള്‍ക്ക് അത്ഭുതമായി. കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘പാഠം ഒന്ന് പാടത്തേക്ക്’ പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ പാടത്തേക്കിറങ്ങിയത്.
നെല്ലിന്് കൂടുതല്‍ വില നല്‍കി ഏറ്റെടുത്ത്‌കൊണ്ട് നെല്‍കൃഷിയ്ക്ക് എല്ലാവിധ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും പറമ്പിക്കുളം- ആളിയാര്‍ കരാര്‍ നിലവില്‍ വന്നാല്‍ ജില്ലയിലെ നെല്‍കൃഷിയ്ക്ക് ഏറെ സഹായകമാകുമെന്നും ‘പാഠം ഒന്ന് പാടത്തേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് കെ.വി.വിജയദാസ് എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയായി.
നമ്മുടെ നാടിന് അന്യമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കൃതിയെ പുതുതലമുറയിലൂടെ തിരികെ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ‘പാഠം ഒന്ന് പാടത്തേക്ക്’ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികളെ നെല്‍കൃഷിയുടെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിച്ച് പ്രായോഗിക അറിവുകള്‍ പകര്‍ന്നു നല്‍കും.
മണ്ണ്-ജല സംരക്ഷണത്തിന്റെ പ്രാധാന്യം വരും തലമുറയ്ക്കു പകര്‍ന്നു നല്‍കുന്നതിനും നാം കഴിക്കുന്ന ഭക്ഷണത്തിന്റെ വില കുട്ടികള്‍ക്ക് മനസിലാകുന്നതിനും ഭാവിയില്‍ കാര്‍ഷിക മേഖലയിലേക്ക് വരുന്നതിനും വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.
കാര്‍ഷിക മേഖലയിലെ നൂതന രീതികള്‍, ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിരീതി എന്നിവയെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി വീഡിയോ പ്രദര്‍ശനവും നടത്തി. മാങ്കുറിശ്ശി തരവത്ത് പാടശേഖരത്തില്‍ വി.സി.രാമചന്ദ്രന്‍ മാങ്കുറിശ്ശിയുടെ പാടത്താണ് വിദ്യാര്‍ഥികള്‍ ഞാറ് നട്ടത്. ജില്ലയിലെ 94 കൃഷിഭവനുകളുടെ കീഴിലും വിദ്യാര്‍ഥികള്‍ക്കായി പദ്ധതി നടപ്പാക്കും.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എന്‍.ഗോകുല്‍ദാസ്, മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജിന്‍സി, വാര്‍ഡ് അംഗം ഷാജി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.ശ്രീകുമാരി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എം.ജാസ്മിന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.ആര്‍.ഷീല, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.