ഇടുക്കി: അരിയാഹാരം മലയാളിക്ക് ഒഴിച്ചുകൂടാനാകാത്തതാണ് പ്രത്യേകിച്ച് ചോറ്. ഉണ്ണുന്ന ചോറിന് നന്ദികാണിക്കാനും മലയാളിക്ക് മടിയില്ല.

അതുകൊണ്ടു തന്നെ നെല്ലിന്റെ ജന്മദിനമായ കന്നിമാസത്തിലെ മകം നക്ഷത്രത്തിൽ പുതുതലമുറയ്ക്ക് നെല്ലിന്റെ മഹത്വം പകർന്ന് നല്കിയും നാടൻപാട്ടിന്റെ ഈണത്തിന് താളം പിടിച്ചും  കട്ടപ്പന വലിയകണ്ടം പാടശേഖരത്ത് നെല്ലിന്റെ പിറന്നാളാഘോഷം ഗംഭീരമാക്കി.
നെല്‍കൃഷി ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും കൈകോര്‍ത്തു സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ‘പാഠം ഒന്ന്, ഏല്ലാവരും പാടത്തേയ്ക്ക് ‘ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വിവിധ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥികളും അധ്യാപകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും മുതിർന്ന കർഷകരും ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കാളികളായി. കട്ടപ്പന നഗരസഭയിലെ വലിയകണ്ടം പാടശേഖരത്തെ ശനിക്കൂട്ടം കൂട്ടായ്മയുടെ നെൽകൃഷിയാണ് വിദ്യാർത്ഥികൾ കണ്ടും തൊട്ടും  അറിഞ്ഞത്.
നാടൻ പാട്ടിന്റെ അകമ്പടിയോടെ ആരംഭിച്ച ആഘോഷ പരിപാടി വാർഡ് കൗൺസിലർ പി.ആർ.രമേശ് ഉദ്ഘാടനം ചെയ്തു. നെൽക്കൃഷിയെ അടുത്തറിയുന്നതോടൊപ്പം മണ്ണിനെ സ്നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കുക കൂടിയാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കട്ടപ്പന ഗവ. ട്രൈബൽ സ്കൂൾ, വെള്ളയാംകുടി സെന്റ് ജെറോംസ്, കട്ടപ്പന സെന്റ് ജോർജ്, വെള്ളയാംകുടി സരസ്വതി വിദ്യാപീഠം എന്നീ സ്കൂളുകളിലെ കൊച്ചു കൂട്ടുകാർക്കൊപ്പം കട്ടപ്പന ഗവ.കോളേജിലെ ചേട്ടൻമാരും  പാടത്തേക്കിറങ്ങി.  നെൽകർഷകരും ശനിക്കൂട്ടം കൂട്ടായ്മയിലെ അംഗങ്ങളുമായ ബി.വിനോദ് , മാത്യു അഴീക്കൽ, കുഞ്ഞുമോൻ, കെ.വി.ഷൺമുഖൻ എന്നിവർ ഞാറുനടീൽ, പരിപാലനം,  വിവിധ നെല്ലിനങ്ങൾ തുടങ്ങി നെൽക്കൃഷി സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നല്കി.
പരിസ്ഥിതി പ്രവർത്തകനായ റോയി ചെമ്പകമംഗലത്തിന്റെ നേതൃത്വത്തിലുളള  ശനിക്കൂട്ടം കൂട്ടായ്മ പൂർണ്ണമായും ജൈവ രീതിയിലുള്ള കൃഷിയാണ് ഇവിടെ ചെയ്തിട്ടുള്ളത്. കട്ടപ്പന കൃഷി അസിസ്റ്റൻറ് ഡയറക്ടർ സൂസൻ ബെഞ്ചമിൻ, കൃഷി ഓഫീസർ ബോൻസി ജോസ്, കൃഷി അസിസ്റ്റന്റുമാരായ എ.അനീഷ്, അനീഷ്.പി. കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നല്കി. നെൽകൃഷി ആഘോഷത്തിന്
മുന്നോടിയായി വിദ്യാർത്ഥികൾക്കായി നടത്തിയ കാര്‍ഷിക പ്രശ്‌നോത്തരി മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടന്നു.
കട്ടപ്പന എ ഡി എ ഓഫീസ് പരിധിയിലുള്ള എല്ലാ സ്‌കൂളുകളെയും ബന്ധപ്പെടുത്തി  നെല്‍കൃഷി ആഘോഷ പരിപാടി വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചതായി
കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സൂസന്‍ ബഞ്ചമിന്‍ പറഞ്ഞു.