തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘പാഠം ഒന്ന് പാടത്തേക്ക്’ പരിപാടിയുടെ ഭാഗമായി ഇലകമൺ ഗ്രാമപഞ്ചായത്തിലെ വേങ്കോട് പാടശേഖരത്ത് വി. ജോയ് എം.എൽ.എയുടെ നേതൃത്വത്തിൽ ഞാറുനട്ടു. കൃഷി മാനവരാശിയുടെ നിലനിൽപ്പിന് ആവശ്യമാണെന്നും ഏതു തൊഴിലിനെക്കാളും മികച്ചതാണ് കാർഷികവൃത്തിയെന്നും എം.എൽ.എ പറഞ്ഞു.

കൃഷിയെ അടുത്തറിയാൻ ഇലകമൺ പാളയംകുന്ന് പ്രദേശത്തെ സ്‌കൂളുകളിലെ കുട്ടികൾ പാടശേഖരത്തിലെത്തി. പരിപാടിയുടെ ഭാഗമായി വിത്തു മുതൽ വിപണി വരെയുള്ള നെല്ലിന്റെ എല്ലാ പ്രവർത്തനങ്ങളും പരിചയപ്പെടുത്തിയത് വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും കുട്ടികൾ കൃഷി ഉദ്യോഗസ്ഥരോടു ചോദിച്ചു മനസിലാക്കി.

ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുമംഗല, വൈസ് പ്രസിഡന്റ്് ജോസ്, വാർഡ് മെമ്പർമാർ, കൃഷി-വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.