കൊല്ലം: വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷികവൃത്തിയുടെ അറിവും പ്രയോഗവും പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പാഠം ഒന്ന്  – പാടത്തേക്ക്  പദ്ധതിക്ക്  ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചിറക്കര പാടശേഖരത്തില്‍   ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിച്ചു.

കാര്‍ഷികവൃത്തി  അഭിമാനത്തോടെയും  ആവേശത്തോടെയും   കാണുന്ന കുട്ടികളെ സൃഷ്ടിക്കാനും കുട്ടിക്കാലം മുതല്‍തന്നെ കൃഷിയോടുള്ള താത്പര്യം വളര്‍ത്തിയെടുക്കാനുമാണ്   പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയെന്ന് എം എല്‍ എ പറഞ്ഞു. നെല്ലിന്റെ ജന്മദിനമായി ആചരിക്കുന്ന കന്നിമാസത്തിലെ മകം നാളിലാണ് പാഠം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

നമ്മുടെ നെല്ല് നമ്മുടെ അന്നം എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ച് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി  നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഉദ്ഘാടന ചടങ്ങിനുശേഷം ചിറക്കര പഞ്ചായത്തിലെ  വിവിധ സ്‌കൂളില്‍ നിന്നുള്ള  കുട്ടികള്‍ കൊയ്ത്തു പാട്ടിന്റെ അകമ്പടിയോടെ എംഎല്‍എയുടെ നേതൃത്വത്തില്‍ പാടത്ത് ഞാറ്  നട്ടു. ജില്ലയിലെ എല്ലാം  കൃഷിഭവനുകളുടെ  നേതൃത്വത്തിലും സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് പദ്ധതി ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിബി ജോസഫ് പേരയില്‍ പറഞ്ഞു.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല  അധ്യക്ഷയായി.  ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ദീപു,  ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി ജയപ്രകാശ്,  പരവൂര്‍ നഗരസഭ ചെയര്‍മാന്‍ കെ പി കുറുപ്പ്, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അംബിക കുമാരി, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിര്‍മല വര്‍ഗീസ്, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനില്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വി അനിത മണി,  വി  തേജസ്വി ഭായി, സ്‌കൂള്‍ വിദ്യാര്‍ഥികള്‍,  കര്‍ഷകര്‍, അധ്യാപകര്‍,  പി ടി എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.