ജില്ലയില്‍ 109 ലൈംഗികാതിക്രമ കേസുകള്‍
വിവിധ മേഖലകളില്‍ കുട്ടികള്‍ക്കെതിരേയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ എഡിഎം എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചൈല്‍ഡ്‌ലൈന്‍ ഉപദേശക സമിതിയോഗം തീരുമാനിച്ചു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.
 വിദ്യാഭ്യാസ വകുപ്പ്, പോലീസ്, എക്‌സൈസ്, സാമൂഹിക നീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, പട്ടികജാതി, പട്ടിക വര്‍ഗ വകുപ്പുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ചൈല്‍ഡ്‌ലൈന്‍ കൂടുതല്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും. ഇതിനായി 30 പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 2018 ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ ജില്ലയില്‍ 656 സംഭവങ്ങളില്‍ ചൈല്‍ഡ്‌ലൈന്‍ ഇടപെടലുകള്‍ നടത്തി. ബാലവേല 8, ശൈശവ വിവാഹം 2,  ശാരീരികാതിക്രമം 114, ബാല ഭിക്ഷാടനം 6, ലൈംഗിക അതിക്രമം 109, ക്രൂരമര്‍ദ്ദനം 1, മനുഷ്യക്കടത്ത്/തട്ടിക്കൊണ്ട് പോകല്‍ 3, കുട്ടികളെ കാണാതായത് 2, കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് 15 കേസുകള്‍, കൗണ്‍സിലിങ് 258, എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 656 സംഭവങ്ങളിലാണ് ചൈല്‍ഡ്‌ലൈന്‍ ഇടപെട്ടത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ അതിക്രമങ്ങള്‍ക്ക് ഇരയായത് കാസര്‍കോട് നഗരസഭ പരിധിയിലും, ചെങ്കള ഗ്രാമപഞ്ചായത്ത് പരിധിയിലുമാണ്. കുട്ടികള്‍ക്കെതിരെ അതിക്രമം നടന്ന സ്ഥലങ്ങളുടെ മാപ്പ് യോഗത്തില്‍ എഡിഎം എന്‍ ദേവീദാസ് എഎസ്പി പിബി പ്രഷോഭിന് കൈമാറി.
ലൈംഗിക അതിക്രമങ്ങളില്‍ അച്ഛന്‍മാര്‍ മുന്നില്‍
ജില്ലയില്‍ ഈ കാലയളവില്‍ 86 പെണ്‍കുട്ടികളും 26 ആണ്‍കുട്ടികളുമുള്‍പ്പെടെ 109 കുട്ടികളാണ് ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായത്. രണ്ടാനച്ഛന്‍മാരേക്കാള്‍ കൂടുതല്‍ സ്വന്തം അച്ഛന്‍മാരാണ് കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അച്ഛന്മാരില്‍ നിന്ന് 8 കുട്ടികളും രണ്ടാനച്ഛന്‍മാരില്‍ നിന്ന് 4 കുട്ടികളുമാണ് ലൈംഗികാതിക്രമങ്ങള്‍ക്കിരയായത്. കുട്ടികള്‍ക്കെതിരേ കൂടുതല്‍ ലൈംഗികാതിക്രമം ഉണ്ടായത് അയല്‍വാസികളില്‍ നിന്നാണ്. ബന്ധുക്കളില്‍ നിന്ന് 26 കുട്ടികള്‍ക്കും അധ്യാപകരില്‍ നിന്നും 26 കുട്ടികള്‍ക്കും, അപരിചിതരില്‍ നിന്ന് 16 കുട്ടികള്‍ക്കുമാണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്.
ശാരീരികാതിക്രമങ്ങളില്‍ ബന്ധുക്കള്‍ മുന്നില്‍
ശാരീരികാതിക്രമങ്ങള്‍ക്ക് ഇരയായത് 77 ആണ്‍കുട്ടികളും 37 പെണ്‍കുട്ടികളുമുള്‍പ്പെടെ 114 കുട്ടികളാണ്. ബന്ധുക്കളില്‍ നിന്ന് 26 കുട്ടികള്‍ക്കും അച്ഛന്‍മാരില്‍ നിന്ന് 12 കുട്ടികള്‍ക്കുമാണ് ദേഹോപദ്രവം ഏറ്റത.് അമ്മമാരില്‍ നിന്ന് 7 പേര്‍, രണ്ടാനച്ഛന്‍മാരില്‍ നിന്ന് 4, രണ്ടാനമ്മ 2, അയല്‍വാസികള്‍ 19, ബസ്‌തൊഴിലാളികള്‍ 5, സ്‌കൂള്‍ അധ്യാപകര്‍ 23, മദ്രസാധ്യാപകരില്‍ നിന്ന് മൂന്ന്, മറ്റുള്ളവരില്‍ നിന്ന് (ഹോസ്റ്റല്‍ വാര്‍ഡന്‍, സഹപാഠി, പോലീസ്, അപരിചിതന്‍) 13 കുട്ടികളുമാണ് ശാരീരികാതിക്രമത്തിന് ഇരയായത്.
സ്‌കൂളുകളില്‍ കൗണ്‍സിലിങ്ങിന് യോഗ്യതയുള്ളവരെ മാത്രം നിയമിക്കണം. കുട്ടികള്‍ അപരിചിതരോട് ബൈക്കുകളിലോ മറ്റു വാഹനങ്ങളിലോ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യരുത്. സ്‌കൂളുകളിലെ കൊഴിഞ്ഞു പോക്ക് തടയുന്നതിന് നടപടി സ്വീകരിക്കും. സ്‌കൂളുകളുടെ പരിസരത്തുള്ള കടകളില്‍ ലഹരി ഉത്പന്നങ്ങളുടെ വില്‍പ്പന തടയുന്നതിന് പ്രത്യേക പരിശോധന നടത്തും.
കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 1098 എന്ന നമ്പറില്‍ അറിയിക്കണം. അഡീഷണല്‍ എസ്പി പി ബി പ്രഷോഭ്, ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോഡിനേറ്റര്‍ അനീഷ് ജോസ്, സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ പി പി ശ്യമള ദേവി, വിദ്യാഭ്യാ ഉപഡയറക്ടര്‍ കെ എന്‍ പുഷ്പ, ചൈല്‍ഡ്‌ലൈന്‍ കോഡിനേറ്റര്‍മാരായ എം ഉദയകുമാര്‍, കെ വി ലിഷ, ഡിസിപിഒ സി എ ബിന്ദു, ചൈല്‍ഡ്‌ലൈന്‍ സെന്റര്‍ ഡയറക്ടര്‍ എ എ അബ്ദുര്‍റഹിമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.