അന്താരാഷ്ട്ര നിലവാരമുള്ള 141 സ്‌കൂളുകള്‍ 5 കോടിരൂപ ചിലവില്‍ നിര്‍മ്മിക്കുന്നതായും ഇതില്‍ 50 സ്‌കൂളുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. ബാക്കി സ്‌കൂളുകള്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും .

അഗളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലേയും തെരഞ്ഞെടുക്കുന്ന ഒരു സ്‌കൂളിന്റെ ഭൗതിക വികസനത്തിന്റെ ഭാഗമായി കെട്ടിടം പണിയുന്നതിന് അഞ്ച് കോടി രൂപയും. 1000 കുട്ടികളില്‍ കൂടുതലുള്ള വിദ്യാലയങ്ങള്‍ക്ക് മൂന്ന് കോടിയും 500 ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളിന് ഒരു കോടിയും കിഫ്ബിയിലൂടെ നല്‍കി.

അക്കാദമിക നിലവാരം മെച്ചപ്പെടുത്താന്‍ എട്ട് മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസ്സുകളും ഹൈടൈക്ക് ആക്കി പഠന രീതികള്‍ മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ പോര്‍ട്ടലുകള്‍ ആരംഭിച്ചു. ലോകത്തെ പഠനരീതികളില്‍ കേരളത്തിന് മുന്നിലെത്താന്‍ ഇത് സഹായകമായി.

ഒന്ന് മുതല്‍ ഏഴ് വരെയുള്ള മുഴുവന്‍ ക്ലാസുകളും ഹൈടെക്ക് ആക്കാന്‍ നടപടികള്‍ തുടങ്ങി. ഈ ഡിസംബറിനകം സംസ്ഥാനത്തെ ഒന്ന് മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസ്സുകളും ഹൈടെക്ക് ആക്കുകയും അക്കാദമിക മികവാണ് വിദ്യാലയത്തിന്റെ മികവ് എന്നതാണ് മുദ്രാവാക്യമെന്നും മന്ത്രി പറഞ്ഞു. മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍. ഷംസുദ്ദീന്‍ പരിപാടിയില്‍ അധ്യക്ഷനായി.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ബിനുമോള്‍, സി. രാധാകൃഷ്ണന്‍, എം രാജന്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്തിനാ രമാമൂര്‍ത്തി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.സത്യന്‍, പ്രധാന അധ്യാപിക ആര്‍. വാസന്തി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.