മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു
2018 ഫെബ്രുവരി ഒന്‍പതുവരെ നീളുന്ന സംസ്ഥാനതല സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന് തുടക്കമായി. കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകാരികള്‍ ഉള്‍പ്പെടുന്ന വന്‍ജനാവലിക്ക് മുന്നില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
1.5 ലക്ഷം കോടി രൂപ നിക്ഷേപമുള്ള കേരളത്തിലെ സഹകരണ മേഖല രാജ്യത്തിനാകെ മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. രാജ്യത്തെ സഹകരണ രംഗത്തെ നിക്ഷേപത്തിന്റെ 60 ശതമാനവും കേരളത്തിലാണ്. ഒരു ലക്ഷം കോടി രൂപ വായ്പയായി നല്‍കുന്നതിനും സഹകരണ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ജനവിശ്വാസമാര്‍ജ്ജിച്ച ഈ മാതൃക കൂടുതല്‍ ശക്തമാക്കുന്നതിന് നിക്ഷേപ സമാഹരണം ഊര്‍ജ്ജിതമായി നടത്തണം. ഇതിനായി സഹകാരികള്‍ ഓരോ വീടുകളിലും പ്രചാരണവുമായി എത്തണം. ചെറിയ നിക്ഷേപങ്ങളെയടക്കം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്.
യുവ സമൂഹത്തെക്കൂടി സഹകരണ രംഗത്തേക്ക് ആകര്‍ഷിക്കാനുതകുന്ന പ്രവര്‍ത്തനത്തിന് നിക്ഷേപ സമാഹരണ യജ്ഞം പ്രയോജനപ്പെടുത്തണം. യുവജനങ്ങള്‍ ആഗ്രഹിക്കുന്ന പുതുതലമുറ ബാങ്കിംഗ് സംവിധാനങ്ങള്‍ സഹകരണ ബാങ്കുകളിലും നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
ക്ഷേമ പെന്‍ഷന്‍ അക്കൗണ്ടുകളില്‍ നിന്ന് പോലും മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ കൊള്ളയടിക്കുകയാണ്. ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഉപഭോക്താക്കളില്‍ നിന്ന് എസ്.ബി.ഐ ഇത്തരത്തില്‍ 1771 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. ഈ സമീപനം തിരുത്തപ്പെടേണ്ടതാണ്. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട്  കേരള ബാങ്കുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇതോടൊപ്പം പ്രാഥമിക സഹകരണ ബാങ്കുകളെ കൂടുതല്‍  ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി വ്യക്തമാക്കി.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു പ്രമുഖ സഹകാരി ഡി. ബാലചന്ദ്രനില്‍ നിന്ന് ആദ്യ നിക്ഷേപം സ്വീകരിച്ചു. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, സഹകരണ ക്ഷേമനിധി വൈസ് ചെയര്‍മാന്‍ കെ. രാജഗോപാല്‍, മുന്‍ മന്ത്രി സി.വി. പത്മരാജന്‍, കെ.എസ്.സി.എ.ആര്‍.ഡി.ബി പ്രസിഡന്റ് സോളമന്‍ അലക്‌സ്, ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.സി. രാജന്‍, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സി. സുനില്‍ചന്ദ്രന്‍, വി.വി. പത്മകുമാര്‍, വി.എ. രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാനും മുന്‍ എം.പി യുമായ പി.രാജേന്ദ്രന്‍ സ്വാഗതവും ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എ.എസ്. ഷീബാ ബീവി നന്ദിയും പറഞ്ഞു.