കേരളീയ സമൂഹത്തില്‍ അദൃശ്യമായി നിലനിന്നിരുന്ന സാമാന്യ ബോധത്തിന്റെ ഉണര്‍ച്ചയാണ് കേരളീയ നവോത്ഥാനമെന്ന് പ്രൊഫ. കെ. സച്ചിദാനന്ദന്‍ പറഞ്ഞു. മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ ലോക കേരള സഭയുടെ ഭാഗമായി നവോത്ഥാനത്തിലെ പ്രവാസ സ്വാധീനവും പ്രതി സംസ്‌കാര ധാരകളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു. അത് കേവലം സാഹിത്യത്തെയും കലയെയും മാത്രം ബാധിച്ച ഉണര്‍ച്ചയായിരുന്നില്ല. മലയാളിയുടെ ദൈനംദിന ബോധത്തെ ഒന്നാകെ ഉണര്‍ത്തിയ ഒന്നായിരുന്നു കേരള പൊതുമണ്ഡലത്തെയാകെ നവോത്ഥാനം പുതുക്കിപ്പണിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു. ബേബി ജോണ്‍ മോഡറേറ്ററായിരുന്നു. മലബാറിലെ നവോത്ഥാന ചരിത്രത്തെക്കുറിച്ച് പ്രൊഫ. എം.എന്‍. കാരശേരിയും പത്തൊന്‍പതാം നൂറ്റാണ്ടിലെ നവോത്ഥാന ധാരകള്‍ എന്ന വിഷയത്തില്‍ ഡോ. സുനില്‍ പി. ഇളയിടവും ചരിത്രത്തില്‍ ഇടം കിട്ടാത്ത നവോത്ഥാന മുന്നേറ്റങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. മീര വേലായുധനും ഭക്തിപ്രസ്ഥാന ചരിത്രത്തിലെ അറിയാത്ത ഇടങ്ങളെക്കുറിച്ച് ബി. അരുന്ധതിയും നവോത്ഥാനാനന്തര സൗന്ദര്യശാസ്ത്രം – ഘടനയും വൈരുദ്ധ്യങ്ങളും എന്നതിനെക്കുറിച്ച് റഫീക്ക് ഇബ്രാഹിമും സംസാരിച്ചു.
വ്യത്യസ്തമായ ആശയധാരയിലൂടെയാണ് നവോത്ഥാനം സാധ്യമായതെന്ന് പ്രൊഫ. എം.എന്‍. കാരശേരി പറഞ്ഞു. നവോത്ഥാനം സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന കാലമാണിതെന്ന് സുനില്‍ പി. ഇളയിടം അഭിപ്രായപ്പെട്ടു. മനുഷ്യ ബോധമണ്ഡലത്തെ മനുഷ്യ കേന്ദ്രീകൃതമാക്കിയ നവോത്ഥാന സംരംഭങ്ങളുണ്ടെന്ന് മോഡറേറ്ററായ ബേബി ജോണ്‍ പറഞ്ഞു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ നന്ദി പറഞ്ഞു.