കുറുപ്പംപടി: വാദ്യവും മേളവുമായി കുടുംബശ്രീ ജില്ലാതല കലോത്സവം അരങ്ങ് 2019 തുടങ്ങി. കുറുംപ്പംപടി കമ്യൂണിറ്റി ഹാളിൽ ജില്ലാ കളക്ടർ എസ്.സുഹാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ അംഗങ്ങളുടെ സർഗാത്മക കഴിവുകൾ പുറത്ത് കൊണ്ടുവരാൻ സംഘടിപ്പിച്ച ജില്ലാതല കലോത്സവത്തിൽ പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെയാണ് അംഗങ്ങൾ പങ്കെടുത്തത്.
ജില്ലയിലെ 14 ബ്ലോക്കുകളിലായി നടന്ന മത്സരങ്ങളിൽ വിജയികളായ ഇരുന്നൂറോളം കുടുംബശ്രീ അംഗങ്ങളാണ് ജില്ലാതല കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.
സംഘനൃത്തം, തിരുവാതിര, ഒപ്പന, ലളിതഗാനം, ചിത്രരചന, സാഹിത്യരചന തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടികൾ നാളെ സമാപിക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ റ്റി.പി.ഗീവർഗീസ്, അസിസ്റ്റൻറ് കോർഡിനേറ്റർ എസ്. രഞ്ജിനി,
രായമംഗലം സി.ഡി.എസ്.ചെയർപേഴ്സൺ അമൃതവല്ലി വിജയൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.