സഹാനുഭൂതിയല്ല മനുഷ്യാവകാശങ്ങളുടെ സംരക്ഷണമാണ് വയോജനങ്ങള്‍ക്കാവശ്യമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച വയോജനദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അണുകുടുംബങ്ങളുടെ വര്‍ധന, ജീവിത സാഹചര്യങ്ങളിലെ മാറ്റം, തൊഴില്‍ രീതികള്‍ തുടങ്ങിയവ കാരണം വയോജനങ്ങളെ അവഗണിക്കുന്ന പ്രവണത ഏറിവരികയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വയോജനങ്ങളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് നാടിന്റെ ഉത്തരവാദിത്വമാണ്.
ഇന്ന് വാര്‍ധക്യത്തിലെത്തിയിരിക്കുന്നവരുടെ സംഭാവനകളുടെയും പോരാട്ടത്തിന്റെയും ശ്രമഫലമാണ് നാമിന്ന് അനുഭവിക്കുന്ന ജീവിത സാഹചര്യങ്ങളെന്ന കാര്യം നാം മറന്നു പോവരുതെന്നും പുതുതലമുറയെ നാം ഈ കാര്യം ഓര്‍മപ്പെടുത്തണമെന്നും മന്ത്രി ഓര്‍മപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.
കലാസാംസ്‌കാരിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വിക്രമന്‍ നായര്‍, കുട്ട്യേടത്തി വിലാസിനി, മാധവന്‍കുന്നത്ത്, ടി ദേവി, കരുണന്‍ നായര്‍, എം എ റഹ്മാന്‍, വിന്‍സന്റ് സാമുവല്‍, മോഹനന്‍ പുത്തഞ്ചേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമൂഹ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായാണ് സംസ്ഥാനത്തുടനീളം വയോജനദിനമാഘോഷിക്കുന്നത്.
പരിപാടിയുടെ ഭാഗമായി വയോജന സംരക്ഷണ നിയമവും വയോജനനയവും എന്ന വിഷയത്തില്‍ വയനാട് ജില്ലാ പ്രബോഷന്‍ ഓഫീസര്‍ കെ ടി അഷ്റഫ് ക്ലാസെടുത്തു. എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത മനക്കല്‍, സബ് കലക്ടര്‍ വി വിഘ്‌നേശ്വരി, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ്, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടിവി ലളിതപ്രഭ, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി പരമേശ്വരന്‍, സംസ്ഥാന വയോജന കൗണ്‍സില്‍ മെമ്പര്‍ ടി ദേവി, വി എന്‍ എം നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.