ന്യൂഡല്‍ഹി: വയനാട് എം പിയും  കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. വയനാട്ടിലെ പ്രളയ ബാധിതരുടെ പുനരധിവാസം, കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാത766 ലൂടെയുള്ള ഗതാഗത നിരോധനം സംബന്ധിച്ച പ്രശ്‌നങ്ങള്‍  ചര്‍ച്ച ചെയ്തു.
ദേശീയപാത കടന്നു പോകുന്ന ബന്ധിപ്പൂര്‍ നാഷണല്‍ പാര്‍ക്കിലൂടെയുള്ള രാത്രി ഗതാഗതം നിരോധിച്ചതിനും പാത പൂര്‍ണമായി അടച്ചിടാനുമുള്ള കര്‍ണാക സര്‍ക്കാരിന്റെ തീരുമാനത്തില്‍ അയവു വരുത്തണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ അറിയിച്ചു.
ഈ വിഷയത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടക ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കര്‍ണാക സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാട് രാത്രി ഗതാഗതം വന്യമൃഗങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ്.
കേരളം നിര്‍ദ്ദേശിച്ച എലിവേറ്റഡ് പാത എന്ന ആശയവും കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല- മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ബന്ദിപ്പൂരിനെക്കാള്‍ നിബിഡമായ ആസ്സാം, മധ്യപ്രദേശ് വന പാതകള്‍ക്ക് ഇത്തരത്തില്‍ നിരോധനമില്ലെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. ഈ വിഷയത്തില്‍ കേരള സര്‍ക്കാരിനോടൊപ്പം നില്‍ക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
വയനാട്ടിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി ഊര്‍ജിതമായി നടക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. അപകട സാദ്ധ്യതയുള്ളതും  പരിസ്ഥിതി ദുര്‍ബലവുമായ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി പുനരധിവസിപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്ഥലത്തിന്റെ ദൗര്‍ലഭ്യം പരിഗണിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട് – മുഖ്യമന്ത്രി അറിയിച്ചു.
കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത്,  ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഏവിയേഷന്‍ സെക്രട്ടറി ജ്യോതിലാല്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.