മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തിന്റെ സംസ്ഥാനതല പരിപാടികൾ ഒക്ടോബർ രണ്ട് രാവിലെ 7.30ന് കിഴക്കേകോട്ട ഗാന്ധിപാർക്കിൽ സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രാവിലെ ഏഴിന് ദേശഭക്തിഗാനാഞ്ജലിയോടെയാണ് പരിപാടി ആരംഭിക്കുന്നത്. രാവിലെ 9.30 മുതൽ ചാല മാർക്കറ്റ് പരിസരത്ത് മാലിന്യം വേർതിരിക്കൽ പരിശീലനവും പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണവും സംഘടിപ്പിക്കും.
ഒക്ടോബർ നാല് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ മതേതരത്വം – സങ്കല്പവും യാഥാർത്ഥ്യവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ തുറമുഖം – മ്യൂസിയം – പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ശശി തരൂർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ചെറിയാൻ ഫെലിപ്പ്, ഡോ. ടി.എൻ. സീമ, ഡോ. കെ.ജെ. യേശുദാസ്, സ്വാതന്ത്ര്യസമര സേനാനികളായ ഗോപിനാഥൻ നായർ, അഡ്വ. കെ. അയ്യപ്പൻ പിള്ള, ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ, പി.ആർ.ഡി സെക്രട്ടറി പി. വേണുഗോപാൽ, പി.ആർ.ഡി ഡയറക്ടർ യു.വി. ജോസ്, കൗൺസിലർ എസ്.കെ.പി. രമേശ്, ശശിധരൻ കാട്ടായിക്കോണം, ഡോ. എൻ. ഗോപകുമാരൻ നായർ, ഡോ. ജി. വിജയലക്ഷ്മി, ഡോ. ബി.എസ്. തിരുമേനി, ജഗജീവൻ, ഫെയിസി. എ, ഷീബ പ്യാരേലാൽ, സി.കെ ബാബു എന്നിവർ പങ്കെടുക്കും.  പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ കെ.എം. അയ്യപ്പൻ കൃതജ്ഞത പറയും.
ഉച്ചയ്ക്ക് രണ്ടു മണി മുതൽ ശുചിത്വ ബോധവത്കരണവും മാലിന്യം തരംതിരിക്കൽ പരിശീലനവും നടക്കും. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, സെമിനാർ, എന്നിവയും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, ഗാന്ധിയൻ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ നടക്കുന്ന വാരാഘോഷത്തിന്റെ ഏകോപനം പബ്ലിക് റിലേഷൻസ് വകുപ്പാണ് നിർവഹിക്കുന്നത്.