ഗാന്ധിയൻ ആശയങ്ങൾ ആവർത്തിച്ച് ഓർമപ്പെടുത്തേണ്ട സാഹചര്യം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഗാന്ധിജിയുടെ ആശയങ്ങൾ ആവർത്തിച്ച് ഓർമപ്പെടുത്തേണ്ട സാഹചര്യമാണിപ്പോഴെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധിപാർക്കിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹനസമരം വിജയിക്കുമോ എന്ന സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഗാന്ധിജി ലോകത്തിന് കാണിച്ചുകൊടുത്തു. ജനകീയപോരാട്ടത്തിലൂടെ ഇന്ത്യൻ ഗ്രാമങ്ങളെ ഉണർത്തിയ അദ്ദേഹത്തിനുമുന്നിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം തലകുമ്പിട്ടു. എന്നാൽ ദീർഘകാലത്തെ പോരാട്ടത്തിലൂടെ നേടിയ സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ നമ്മുടെ തെരുവീഥികളിൽ മതത്തിന്റെ പേരിൽ ജനങ്ങൾ തമ്മിലടിക്കുകയായിരുന്നു. ഈ കാലത്ത് ഗാന്ധിജി അനുഭവിച്ച മാനസികക്ലേശവും രാഷ്ട്രീയപ്രതിസന്ധിയും ‘ഗാന്ധിയും ഗാന്ധിസവും’ എന്ന പുസ്തകത്തിലൂടെ ഇ.എം.എസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികരിക്കുന്നവരെ തോക്കുമായി തേടിയെത്തുന്നവർക്കെതിരെ ചെറുത്തുനിൽപ്പിന്റെ കാഹളം ഉയർത്തുന്ന ദിനമായി ഗാന്ധിജയന്തി മാറണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമരസേനാനികളായ പി. ഗോപിനാഥൻ നായർ, അഡ്വ.കെ. അയ്യപ്പൻ പിള്ള എന്നിവരെ മന്ത്രി ആദരിച്ചു. രാജ്യം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഗാന്ധിയൻ ആദർശങ്ങൾ പരിഹാരമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥിയായ ഗായകൻ കെ.ജെ. യേശുദാസ് ഗാന്ധിജയന്തി സന്ദേശം നൽകി.