ലഹരിക്കെതിരായ പ്രവർത്തനങ്ങളിലും ബോധവത്കരണത്തിലും ഗാന്ധിയൻ സംഘടനകൾ കൂടുതൽ മുൻകൈയെടുക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. കേരള ഗാന്ധി സ്മാരകനിധിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി ദ്വൈവാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരതയിൽ മുന്നിലുള്ള കേരളത്തിൽ ലഹരി ഉപയോഗം കൂടുതലാണെന്ന കണക്കുകൾ ഞെട്ടിക്കുന്നതാണ്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എപ്പോഴും താൻ മുന്നിലുണ്ടാകുമെന്നും ഗവർണർ പറഞ്ഞു.
രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് മാത്രമല്ല ഗാന്ധിജി പോരാടിയത്. എല്ലാ ഛിദ്രശക്തികളിൽനിന്നുള്ള സ്വാതന്ത്ര്യമാണ് അദ്ദേഹം ആഗ്രഹിച്ചത്. ആയിരക്കണക്കിന് ഇന്ത്യാക്കാരെ ധീര സ്വാതന്ത്ര്യസമരസേനാനികളാക്കാൻ ഗാന്ധിജിക്ക് നേതൃത്വം നൽകാനായി. ഇത് അഹിംസാവാദത്തിലൂടെ വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിനായി. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരൻമാർ എന്ന നിലയിൽ മഹാത്മാ ഗാന്ധി നമുക്ക് നൽകിയ അഹിംസയുടെയും സൗഹാർദ്ദത്തിന്റേയും സംസ്‌കാരം നമ്മൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാലുമാസം കൊണ്ട് പത്തുലക്ഷം പേരിൽ ഗാന്ധി സന്ദേശങ്ങളെത്തിച്ച് അഹിംസാമാർഗത്തിലേക്ക് കൊണ്ടുവരാനുള്ള കാമ്പയിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. അഹിംസാസന്ദേശങ്ങൾ ഉൾക്കൊണ്ടുപ്രവർത്തിക്കാമെന്ന് വിദ്യാർഥികൾ ഒപ്പിട്ട സമ്മതപത്രവും വിവിധ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ ഗവർണർക്ക് കൈമാറി.