കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. പരിശോധനയില്‍ സ്ഥാനാര്‍ഥികളുടെ എല്ലാ പത്രികകളും സ്വീകരിച്ചു.
മൊത്തം ഏഴുപേരാണ് സെപ്റ്റംബര്‍ 30ന് നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചിരുന്നത്. അഡ്വ.കെ.യു ജനീഷ് കുമാര്‍(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), പി.മോഹന്‍രാജ്(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കെ.സുരേന്ദ്രന്‍(ഭാരതീയ ജനതാ പാര്‍ട്ടി), ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍(സ്വതന്ത്രന്‍), ശിവാനന്ദന്‍(സ്വതന്ത്രന്‍) എന്നിവരുടെ പത്രികകളാണ് അംഗീകരിച്ചത്.
അശോകന്‍(ഭാരതീയ ജനതാ പാര്‍ട്ടി), മോഹന കുമാര്‍(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) എന്നി സ്ഥാനാര്‍ത്ഥികള്‍ സബ്സ്റ്റിറ്റിയൂട്ട് സ്ഥാനാര്‍ത്ഥികളായതിനാലും ഈ രാഷ്ട്രീയ കക്ഷികളുടെ പ്രധാന സ്ഥാനാര്‍ത്ഥിയുടെ പത്രിക അംഗീകരിച്ചതിനാലും ഇവരുടെ പത്രിക സ്വാഭാവികമായി നിരസിക്കപ്പെട്ടു.
പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുനിരീക്ഷന്‍ ഡോ.എന്‍ വി പ്രസാദിന്റെ സാന്നിധ്യത്തില്‍ വരണാധികാരി എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എം ബി ഗിരീഷ്, ഉപ വരണാധികാരി കോന്നി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ സി.പി രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സൂക്ഷ്മപരിശോധന നടത്തിയത്.