തിരുപ്പതിക്ഷേത്രത്തിലെ ലഡു നിര്‍മാണത്തിന് ആവശ്യമായ കശുവണ്ടി പരിപ്പുമായി ആദ്യലോഡ് കൊല്ലത്ത് നിന്നും പുറപ്പെട്ടു. പെരുമ്പുഴ കാപ്പെക്‌സ് ഫാക്ടറിയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വാഹനത്തിന്റൈ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.

പൊതുമേഖലാ കശുവണ്ടി വ്യവസായത്തിന്റെ വിപണി ഇടപെടലിന് ശക്തി പകര്‍ന്ന് ആദ്യഘട്ടത്തില്‍ അഞ്ച് ടണ്‍ കശുവണ്ടിപ്പരിപ്പാണ് കയറ്റി അയച്ചത്. പ്രതിവര്‍ഷം ആയിരം ടണ്ണിന്റെ ഓര്‍ഡറാണ് പ്രതീക്ഷിക്കുന്നതെന്നും വിതരണത്തിന് മുടക്കം വരാതിരിക്കാന്‍ എല്ലാവരും ഒത്തൊരുമയോടെ പ്രയത്‌നിക്കണമെന്നും മന്ത്രി    തൊഴിലാളികളോട് ആവശ്യപ്പെട്ടു.

കാപ്പെക്‌സിന്റെയും കശുവണ്ടി വികസന കോര്‍പ്പറഷന്റെയും ഫാക്ടറികളില്‍ നിന്നുമാണ് ഓര്‍ഡറിന് ആവശ്യമായ പരിപ്പ് വിതരണം ചെയ്യുക. എല്ലാ ഫാക്ടറികളും മുടക്കമില്ലാതെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ തോട്ടണ്ടി കാഷ്യൂ ബോര്‍ഡ് വാങ്ങി നല്‍കിയിട്ടുണ്ട്. ഇതിനെ കൃത്യമായ രീതിയില്‍ സമയബന്ധിതമായി പരിപ്പാക്കിമാറ്റുവാന്‍ തൊഴിലാളികളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.