കൊല്ലം: കെ സി ഏലമ്മയുടെയും ലളിതാ നൈനാന്റെയും വോളിബോള്‍ ടീമുകള്‍ ഏറ്റുമുട്ടുന്നു എന്ന് കേട്ടാല്‍ ജനമൊഴുകിയെത്തുന്ന ഒരു കാലമുണ്ടായിരുന്നു കൊല്ലത്തിന്. കിടിലന്‍ സ്മാഷുകളുടെ ചൂടറിഞ്ഞ ആ കളിക്കളങ്ങളുടെ ആവേശ പെരുക്കത്തിന്റെ കഥ എം മുകേഷ് എം എല്‍ എ പറയുമ്പോള്‍ താനും ഒരു പഴയ ഏലമ്മ ആരാധകനാണെന്ന് കൂട്ടിച്ചേര്‍ത്ത് എം നൗഷാദ് എം എല്‍ എ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി കൊല്ലം ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന  K4K     (കെ ഫോര്‍ കെ) ദേശീയ കബഡി-വോളിബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശ ചടങ്ങിലാണ് കൊല്ലത്തിന്റെ കായിക സ്മരണകള്‍ പെയ്തിറങ്ങിയത്.

 

ഗാട്ടാ ഗുസ്തിയില്‍ ഇമാം ബക്‌സിയെ മലര്‍ത്തിയടിച്ച പോളച്ചിറ രാമചന്ദ്രനും പാരിപ്പള്ളിയുടെ കബഡി പെരുമയും കൊല്ലത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുമൊക്കെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളായി സദസ് കേട്ടിരുന്നു. ഓല കൊണ്ട് കെട്ടിയ ചുവരുകള്‍ വകഞ്ഞുമാറ്റി ആള്‍ക്കൂട്ടം വോളിബോള്‍ കളിക്കളത്തെ പൊതിഞ്ഞ ആ കാലത്തെ മുഖ്യാതിഥിയായ അര്‍ജുന അവാര്‍ഡ് ജേതാവ് കെ സി ഏലമ്മയും ഓര്‍ത്തെടുത്തത് രസകരമായ അനുഭവമായി.

കായികപ്രേമികളും കായികതാരങ്ങളും ഒത്തുചേര്‍ന്ന പ്രസ്‌ക്ലബ് ഹാളില്‍ എം മുകേഷ് എം എല്‍ എ ലോഗോ കെ സി ഏലമ്മയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. വോളിബോള്‍ മുന്‍ സംസ്ഥാന താരം എ ആര്‍ സജീറാണ് ലോഗോ തയ്യാറാക്കിയത്.