ഹാജർ ക്രമപ്പെടുത്തിയ ജീവനക്കാർക്കെല്ലാം ശമ്പളം മാറി നൽകി
സർക്കാർ ജീവനക്കാരുടെ ശമ്പളം മാറുന്നതിന് ബാങ്കുകളിലെ തിരക്കു മൂലമുണ്ടായ സാങ്കേതിക തകരാർ കൊണ്ടാണ് ചിലരുടെ ശമ്പളം വൈകിയതെന്നും സെക്രട്ടേറിയറ്റിലെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനമല്ല കാരണമെന്നും പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു.
ശമ്പളം സ്പാർക്കുമായി ബന്ധിപ്പിച്ച സെപ്റ്റംബറിലെ ശമ്പളം കണക്കാക്കാൻ ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 15 വരെയുള്ള ഹാജർ നിലയാണ് കണക്കിലെടുക്കുന്നത്. ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്താതിരിക്കുകയും അവധിയോ മറ്റ് ഔദ്യോഗിക ഡ്യൂട്ടിയോ രേഖപ്പെടുത്താതിരിക്കുകയോ ചെയ്തവർക്ക് ഈ ദിനങ്ങൾ ക്രമപ്പെടുത്താൻ അവസരം നൽകിയിരുന്നു.
ഭൂരിപക്ഷം ജീവനക്കാരും ഡ്യൂട്ടി ക്രമപ്പെടുത്തിയിരുന്നു. കുറച്ചുപേർ ഇതിനായി കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രമപ്പെടുത്തിയ ശേഷം മാത്രം ശമ്പളം പ്രോസസ് ചെയ്താൽ മതിയെന്ന് പൊതുഭരണ വകുപ്പിനെ അറിയിച്ചിരുന്നു.
സെക്രട്ടേറിയറ്റിൽ ഐ. എ. എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 4822 ജീവനക്കാരാണ് പഞ്ചിംഗ് സംവിധാനത്തിന് കീഴിലുള്ളത്. ഇതിൽ 38 ജീവനക്കാർ മാത്രമാണ് ശമ്പളം പിന്നീട് പ്രോസസ് ചെയ്താൽ മതിയെന്ന് അറിയിച്ചത്. ബയോമെട്രിക് പഞ്ചിംഗ് ഏർപ്പെടുത്തിയതിനെ തുടർന്ന് ജീവനക്കാർക്ക് മാസത്തിൽ 300 മിനിറ്റ് ഗ്രേസ് ടൈമും അധികം ജോലി ചെയ്യുന്ന ഓരോ പത്തു മണിക്കൂറിനും മാസത്തിൽ ഒരു അവധിയും (വർഷത്തിൽ 10 എണ്ണം) അധികമായി അനുവദിച്ചിട്ടുണ്ട്.
300 മിനിറ്റ് ഗ്രേസ് സമയം പൂർണമായി ഉപയോഗിച്ചവർക്കാണ് താമസിച്ചെത്തിയാൽ അവധി നഷ്ടമാവുന്നത്. സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ ഹാജർ നിലയിൽ ക്‌ളിപ്തത ഉറപ്പാക്കാൻ ഏർപ്പെടുത്തിയ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സെക്രട്ടേറിയറ്റിൽ വിജയകരമായാണ് നടപ്പാക്കിയതെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും മാത്രമാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.