ലേബർ ക്യാംപുകളിൽ നിന്നെത്തിയ മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി സംവദിക്കാൻ അവസരമൊരുക്കിയ “വിഷൻ കേരള 2020 ” ഗൾഫ് പ്രവാസികൾക്ക് പുതിയ അനുഭവമായി. അറബ് നാട്ടിൽ അനുഭവിലെ   ഇന്ത്യൻ അക്കാഡമി സ്‌കൂളിലാണ് ആശയസംവാദം സംഘടിപ്പിച്ചത്.

വർഷങ്ങളായി യു എ ഇയിൽ  പ്രവാസജീവിതം നയിക്കുന്ന തൊഴിലാളികൾ ആവേശത്തോടെയാണ് മുഖ്യമന്ത്രിയെ കാണാൻ എത്തിയത്.  കേരളത്തിലെ   സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതും  ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ  കാര്യങ്ങൾ മുഖ്യമന്ത്രി വിശദമായി സംസാരിച്ചു.
“കേരളത്തിന്‍റെ പ്രവാസിസമൂഹം എക്കാലത്തും നമ്മുടെ നാടിനോട് പ്രത്യേക സ്നേഹവും താല്‍പര്യവും പുലര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നാടിന്‍റെ വികസനത്തില്‍ വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയവരാണ് പ്രവാസി മലയാളികള്‍. ഓഖി, പ്രളയം തുടങ്ങിയ വെല്ലുവിളികള്‍ നേരിട്ടപ്പോഴൊക്കെ നിങ്ങളുടെ പ്രത്യേകമായ കരുതല്‍ കേരളസമൂഹം ഒന്നടങ്കം അനുഭവിച്ചിട്ടുണ്ട്. ആ കരുതലിന് ആരംഭത്തില്‍ തന്നെ ഞാന്‍ മലയാളികളുടെയാകെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു-ഇത്രയും പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.
പ്രവാസ ജീവിതത്തിനായി തയ്യാറെടുക്കുമ്പൊഴും പ്രവാസി എന്ന നിലയ്ക്ക് നമ്മുടെ നാടിനു വെളിയില്‍ ജീവിക്കുമ്പോഴും അതിനുശേഷം നാട്ടിലേക്ക് മടങ്ങിയെത്തുന്ന ഘട്ടത്തിലും ഒക്കെ നിങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന നിരവധി നടപടികള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞു എന്നതില്‍ സര്‍ക്കാരിന് അതിയായ സന്തോഷമുണ്ട്. നോര്‍ക്ക വകുപ്പിന്‍റെ ചുമതല വഹിച്ചുകൊണ്ടും മുഖ്യമന്ത്രി എന്ന നിലയ്ക്കും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കഴിഞ്ഞു എന്നതില്‍ എനിക്ക് വ്യക്തിപരമായ ചാരിതാര്‍ത്ഥ്യവുമുണ്ട്-പിണറായി വിജയൻ പറഞ്ഞു.

തൊഴിലാളികൾ അവരുടെ വേദനകളും  വേവലാതികളും മുഖ്യമന്ത്രിക്കുമുൻപിൽ  വിവരിച്ചു.  സംശയങ്ങൾക്കും ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തമായ മറുപടി നൽകി. തൊഴിലകൾ സംസാരിക്കുമ്പോഴും അതിന് മുഖ്യമന്ത്രി മറുപടി പറയുമ്പോഴും അവിടെ തടിച്ചുകൂടിയ ജനാവലി വലിയ ഹർഷാരവത്തോടെയാണ് അതിന് പ്രോത്സാഹനം നൽകിയത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ മാധ്യമ പ്രവർത്തകൻ ജോണ് ബ്രിട്ടാസ് സംവാദത്തിന്റെ മോഡറേറ്റർ ആയിരുന്നു.

പ്രവാസികൾക്കുണ്ടാകുന്ന ഏതു പ്രശ്നത്തിലും നോര്‍ക്കയുമായും സര്‍ക്കാരുമായും ബന്ധപ്പെടാം.  അവയൊക്കെ പരമാവധി പ്രയോജനപ്പെടുത്താന്‍   ശ്രമിക്കണം പ്രവാസി സഹോദരങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. പ്രളയവും മറ്റു വെല്ലുവിളികളെയും അതിജീവിച്ച് നമ്മുടെ നാട് മുന്നേറുകയാണ് – നവകേരളത്തിലേക്ക്. നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാം-മുഖ്യമത്രി മ്പ്രവാസി സമൂഹത്തോട് പറഞ്ഞു.

മുഖ്യമന്ത്രിയെകൂടാതെ നിയമസഭാ സ്‌പീക്കർ  ശ്രീരാമകൃഷ്ണൻ, വ്യവസായ മന്ത്രി ഇ  പി ജയരാജൻ, ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രൻ, നോർക്ക വൈസ് ചെയർമാൻ കെ വരദരാജൻ,  എന്നിവരും ചടങ്ങിൽ പങ്കെടുത്തു.     എൻ കെ കുഞ്ഞഹമ്മദ് സ്വാഗതവും വി ആർ  മുരളി നന്ദിയും പറഞ്ഞു